കിട്ടി, കിട്ടി... വർഷങ്ങൾക്കു മുന്പ് വാങ്ങിയ റിലയൻസ് ഓഹരി രേഖകൾ; ഇപ്പോഴത്തെ മൂല്യം ഏകദേശം 11 ലക്ഷം
Wednesday, March 12, 2025 12:07 PM IST
വീട് വൃത്തിയാക്കുന്പോൾ വിലപിടിപ്പുള്ള പലതും കിട്ടുന്ന വാർത്തകൾ കാണാറുണ്ടല്ലോ? ചിലപ്പോൾ മാതാപിതാക്കളോ പൂർവികരോ മറന്നു വെച്ചതോ, സൂക്ഷിച്ചു വെച്ചതോ ഒക്കെയാകാം. അല്ലെങ്കിൽ മുന്പ് താമസിച്ചിരുന്നവർ വെച്ചതാകാം.
ഇതുപോലൊരു സംഭവുമായാണ് ചണ്ഡീഗഢിൽ നിന്നുള്ള രത്തൻ ഡില്ലൺ എന്നയാൾ രംഗത്തെത്തിയിരിക്കുന്നത്. തന്റെ വീട്ടിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഓഹരികൾ വാങ്ങിയതിന്റെ രേഖകൾ ലഭിച്ചെന്നും. ആദ്യ കാലത്തെ പേപ്പർ രൂപത്തിലുള്ള ഭൗതിക ഓഹരികൾ കണ്ടെത്തിയെന്നാണ് അദ്ദേഹം പറയുന്നത്.
ഓഹരി വിപണിയെക്കുറിച്ച് കാര്യമായ അറിവില്ലാത്തയാളാണ് താനെന്നും. ഒരു കാർ പ്രേമിയാണെന്നും ഡില്ലൺ പറയുന്നു. ലഭിച്ച രേഖകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഓഹരികൾക്ക് ഇപ്പോഴും മൂല്യം ഉണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നത്.
ഡില്ലൺ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഓഹരി സർട്ടിഫിക്കറ്റുകൾ പ്രകാരം, 1992 ൽ ഒരു ഓഹരിക്ക് വെറും 10 രൂപ നിരക്കിലാണ് വാങ്ങിയിരിക്കുന്നതെന്നാണ് രേഖകൾ കാണിക്കുന്നത്. പോസ്റ്റ് പെട്ടെന്ന് വൈറലായതോടെ നിക്ഷേപകരിലും ഇത് ജിജ്ഞാസ ഉണർത്തി. ആർഐഎൽ ഓഹരികൾ ഇപ്പോൾ 1,200 രൂപയിൽ കൂടുതൽ വിലയ്ക്കാമ് വ്യാപാരം ചെയ്യുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഡില്ലന്റെ ചോദ്യത്തിന് മറുപടിയായി, നിക്ഷേപ വിദ്യാഭ്യാസ, സംരക്ഷണ ഫണ്ട് അതോറിറ്റി (IEPFA) അദ്ദേഹത്തിന്റെ ഓഹരികളുടെ നില എങ്ങനെ പരിശോധിക്കാമെന്ന് വിശദീകരിച്ചു. ഓഹരികൾ അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ തുടരുന്നുണ്ടോ അതോ ക്ലെയിം ചെയ്യപ്പെടാത്തതിനാൽ അവ ഐഇപിഎഫ്എയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വെബ്സൈറ്റിലെ തിരയൽ സൗകര്യം ഉപയോഗിക്കാനും അവർ നിർദ്ദേശിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറേജായ സെറോദയും പ്രക്രിയ മനസിലാക്കുന്നതിൽ സഹായം നൽകി.
ടൈഗർ രമേശ് എന്നയാൾ ഈ ഓഹരികളുടെ മൂല്യം കണക്കാക്കി. വർഷങ്ങളായി ആർഐഎൽ നൽകിയ ഒന്നിലധികം ഓഹരി വിഭജനങ്ങളും ബോണസ് ഓഹരികളും കണക്കിലെടുക്കുമ്പോൾ, ഡില്ലന്റെ പ്രാരംഭ ഓഹരികൾ ഇന്ന് ഏകദേശം 960 ഓഹരികളായി വളർന്നിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പറയുന്നത്. നിലവിലെ വിപണി വിലയിൽ, ഇവയ്ക്ക് ഏകദേശം 11.88 ലക്ഷം രൂപ വിലവരും.