കുട്ടികൾക്ക് കൂട്ടുകൂടാൻ ഇനി എഐ വളർത്തുമൃഗങ്ങൾ
Thursday, February 6, 2025 1:03 PM IST
പുതുതലമുറ കുട്ടികൾ ഇന്റർനെറ്റിലും സാമൂഹ്യമാധ്യമങ്ങളിലും സജീവരാണെങ്കിലും സമൂഹത്തിലിറങ്ങി ആളുകളുമായി ഇടപഴകുന്നതിലും സൗഹൃദം സ്ഥാപിക്കുന്നതിലുമൊക്കെ പിന്നിലാണെന്നാണു പഠനങ്ങൾ പറയുന്നത്.
കൂടുതൽസമയം ഫോണിനും കംപ്യൂട്ടറുകൾക്കും മുന്നിൽ ചെലവഴിക്കുന്നതും ഫ്ളാറ്റുകളിലെയും മറ്റും താമസവുമാണ് ഇതിനു കാരണമെന്നും പറയുന്നു. ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണു ചൈനാക്കാർ.
കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ വർധിച്ചുവരുന്ന സാമൂഹിക ഉത്കണ്ഠ കൈകാര്യം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വളർത്തുമൃഗങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വളർത്തുമൃഗങ്ങൾക്കു സമാനമായരീതിയിൽ നാലുകാലുകളുള്ളതും ചലിക്കുന്നതുമായ ഇവയ്ക്കൊപ്പം സമയം ചെലവഴിക്കുകയും കളിക്കുകയുമൊക്കെ ചെയ്യുന്ന കുട്ടികൾക്കു സമ്മർദങ്ങളെ അഭിമുഖീകരിക്കാനും സുഹൃത്തുക്കളെ എളുപ്പത്തിൽ നേടാനും കഴിയുന്നുണ്ടത്രെ. എഐ മൃഗങ്ങൾക്കു വിപണിയിൽ ഡിമാൻഡ് കൂടി വരികയാണെന്നും പറയുന്നു.
ഗിനി പന്നിയെപ്പോലെ തോന്നിക്കുന്ന ഒരു എഐ വളർത്തുമൃഗമാണ് "സ്മാർട്ട് പെറ്റ് ബൂബൂ'. ബൂബൂ വാങ്ങിയശേഷം തന്റെ ജീവിതം കൂടുതൽ ആശ്വാസകരമായെന്നു 19 കാരിയായ ഒരു ചൈനീസുകാരി സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് വെളിപ്പെടുത്തി. തന്റെ സന്തോഷങ്ങൾ പങ്കുവയ്ക്കാൻ ഇപ്പോൾ കൂട്ടിന് ഒരാൾ ഉള്ളതായി തോന്നിത്തുടങ്ങിയെന്നും ഈ പെൺകുട്ടി പറയുന്നു.
ഒരുവർഷത്തിനുള്ളിൽ ബൂബൂവിന്റെ 1,000 യൂണിറ്റുകളാണു വിറ്റഴിഞ്ഞത്. 95,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെയാണു വില. ഇത്തരം സോഷ്യൽ റോബോട്ടുകളുടെ ആഗോള വിപണി 2033 ഓടെ ഏഴിരട്ടിയായി വികസിച്ച് 42.5 ബില്യൺ ഡോളറിലെത്തുമെന്നാണു പ്രവചനം. അതേസമയം, എഐ വളർത്തുമൃഗങ്ങൾക്കെതിരേ വിമർശനവും ഉയരുന്നുണ്ട്. യഥാർഥ വളർത്തുമൃഗങ്ങളുമായുള്ള വൈകാരിക ബന്ധം ഇവയ്ക്കു നൽകാനാവില്ലെന്നാണു വിമർശകർ ചൂണ്ടിക്കാട്ടുന്നത്.