ഭക്ഷണം തികഞ്ഞില്ല; വരന്റെ വീട്ടുകാർ ഉടക്കി, മാലയിടൽ പോലീസ് സ്റ്റേഷനിലാക്കി
Wednesday, February 5, 2025 1:25 PM IST
വിവാഹസദ്യയിൽ ഭക്ഷണം തികയാതെ വന്നതിനെത്തുടർന്ന് അലങ്കോലപ്പെട്ട വിവാഹം പോലീസ് സ്റ്റേഷനിൽ നടത്തി. ഗുജറാത്തിലെ സൂററ്റിലാണു സംഭവം. ബിഹാർ സ്വദേശികളായ രാഹുൽ പ്രമോദ് മഹ്തോയും അഞ്ജലി കുമാരിയും തമ്മിലായിരുന്നു വിവാഹം.
വരാച്ചയിലെ ലക്ഷ്മിഹാളിൽ വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഭക്ഷണം തികഞ്ഞില്ലെന്നു പറഞ്ഞ് വരന്റെ വീട്ടുകാർ ബഹളമുണ്ടാക്കി. ഇതോടെ വധൂവരന്മാർ പരസ്പരം മാല അണിയിക്കുന്നതു മുടങ്ങി.
പ്രകോപിതരായ വധുവിന്റെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ ഇരു വീട്ടുകാരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ബന്ധുക്കൾ വഴക്കിട്ടെങ്കിലും വരനും വധുവും പിരിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. അതോടെ ബന്ധുക്കൾ അടങ്ങി. പ്രശ്നം ഒത്തുതീർപ്പാകുകയുംചെയ്തു.
എന്നാൽ വിവാഹമണ്ഡപത്തിൽ തിരിച്ചെത്തിയാൽ വീണ്ടും വഴക്കുണ്ടാകുമോ എന്ന ആശങ്കയിൽ പോലീസ് വീണ്ടും ഇടപെട്ടു. സ്റ്റേഷനിൽ വച്ചുതന്നെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ അവർ നിർദേശിച്ചു. തുടർന്നു വധുവും വരനും സ്റ്റേഷനിൽ വച്ച് പരസ്പരം മാല അണിയിച്ചു.