ബോണസ് കൊടുത്താൽ ഇങ്ങനെ കൊടുക്കണം! 15 മിനിറ്റിൽ എണ്ണിയെടുക്കാൻ കഴിയുന്ന തുക എടുക്കാം
Friday, January 31, 2025 12:47 PM IST
സമരവും ചർച്ചകളുമൊക്കെ നടത്തി ഏറെ പാടുപെട്ടാണു തൊഴിലാളികൾ പല കന്പനികളിലും ബോണസ് നേടിയെടുക്കാറുള്ളത്. കിട്ടുന്നതാകട്ടെ തുച്ഛമായ തുകയുമായിരിക്കും. എന്നാൽ, ചൈനയിലെ ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്കു ബോണസ് വിതരണം ചെയ്യുന്നതിന്റെ വീഡിയോ കണ്ടാൽ മറ്റു തൊഴിലാളികൾക്കു കൊതി തോന്നിപ്പോകും.
വീഡിയോയില്‍ നൂറുകണക്കിനാളുകൾ തിങ്ങിനിറഞ്ഞ ഒരു മുറിയില്‍ നീളത്തില്‍ ഇട്ടിരിക്കുന്ന മേശപ്പുറത്ത് പണം കൂട്ടിയിട്ടിരിക്കുന്നതു കാണാം. കമ്പനി ഉടമ തന്റെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനാണ് ഈവിധം മേശയിൽ പണം കൂട്ടിയിട്ടിരുന്നത്.
ഏകദേശം 95 കോടി രൂപ ഉണ്ടായിരുന്നു! ഇത്രയും വലിയ തുക മേശപ്പുറത്ത് കൊണ്ടിട്ടിട്ട് കമ്പനി ഉടമ തങ്ങളുടെ തൊഴിലാളികളോടു പറഞ്ഞത് ഇങ്ങനെ: "15 മിനിറ്റിനുള്ളില്‍ നിങ്ങൾക്ക് എണ്ണിയെടുക്കാന്‍ കഴിയുന്ന തുക എണ്ണി എടുക്കാം!'
ഇതോടെ ആവേശത്തോടെ ജീവനക്കാർ പണം എണ്ണിയെടുക്കുന്നു. ഒരു തൊഴിലാളി 15 മിനിറ്റിനുള്ളില്‍ 11,93,519 ലക്ഷം രൂപ എണ്ണിയെടുത്തെന്നു വീഡിയോയിൽ പറയുന്നു. ഹെനാന്‍ മൈനിംഗ് ക്രയിന്‍ കമ്പനിയാണ് അസാധാരണമായ രീതിയിൽ ബോണസ് വിതരണം ചെയ്ത് തങ്ങളുടെ ജീവനക്കാരെ സന്തോഷിപ്പിച്ചത്.
വൈറലായ വീഡിയോക്കു രസകരമായ കമന്റുകളും ലഭിച്ചു. "എന്റെ കമ്പനിയും ഇതുപോലെതന്നെ, പക്ഷേ, പണത്തിനു പകരം വര്‍ക്ക് ലോഡാണു തരുന്നതെന്നു മാത്രം' എന്നായിരുന്നു ഒരാളുടെ കമന്റ്.