"ആപ്പിൽ' ആകരുതേ..; ഡേറ്റിംഗ് ആപ് വഴി തട്ടിപ്പ്
Wednesday, January 22, 2025 12:20 PM IST
വിവിധ ഡേറ്റിംഗ് ആപ്പുകളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടുന്ന സൈബർ തട്ടിപ്പു സംഘങ്ങൾ വർധിച്ചുവരികയാണെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഡേറ്റിംഗ് ആപ്പുകൾ ധാരാളം പരസ്യം ചെയ്യുന്നുണ്ട്. ഇതിലൂടെയാണു തട്ടിപ്പ് നടത്തുന്നത്. ആപ്പുകളിലൂടെ പരിചയപ്പെടുന്നവരെ വിവാഹമോ, സൗഹൃദമോ വാഗ്ദാനം ചെയ്ത് ഇരയാക്കുന്നതാണ് ഇവരുടെ രീതി.
സൗഹൃദത്തിലായശേഷം വിവിധ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇവ വ്യാജ പ്ലാറ്റ്ഫോമുകളായിരിക്കും. ആദ്യഘട്ടത്തിൽ ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചെടുക്കും. പിന്നീട് കൂടുതൽ നിക്ഷേപത്തിനായി സമ്മർദം ചെലുത്തുകയും ചെയ്യും.
ഇത്തരം കെണിയിൽപ്പെട്ട് ചിലർ വൻതുക നിക്ഷേപിക്കും. പിന്നീട് പണം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലാകുന്നത്. ഇത്തരം തട്ടിപ്പുകാർക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.