ഈ പ്രായത്തിലും എന്നാ ഒരിതാ! 124-ാം വയസിലും ചുറുചുറുക്കോടെ ഈ മുത്തശി; വായിക്കാം
Friday, January 17, 2025 9:42 AM IST
124 -ാം ജന്മദിനം ആഘോഷിച്ച ഒരു മുത്തശിയാണ് ചൈനയിലെ സംസാരവിഷയം. സിചുവാൻ പ്രവിശ്യയിലെ നാൻചോംഗിൽ നിന്നുള്ള ക്യു ചൈഷി എന്ന സ്ത്രീയാണ് ജനുവരി ഒന്നിന് തന്റെ 124-ാം ജന്മദിനം ആഘോഷിച്ചിരിക്കുന്നത്. 1901-ലാണ് അവർ ജനിച്ചത്.
ആറ് തലമുറകൾ ഉൾപ്പെടുന്നതാണ് ഇപ്പോൾ ക്യൂവിന്റെ കുടുംബം. ഇവിടെ ജീവിച്ചിരുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളായിട്ടാണ് ചൈഷിയെ കണക്കാക്കുന്നത്. ചൈഷിയുടെ കൊച്ചുമകൾക്ക് തന്നെ 60 വയസുണ്ട്. അതുപോലെ അവരുടെ മക്കളുടെ മക്കളുടെ മക്കളായി എട്ട് വയസുകാർ വരേയും ഇവിടെ ഉണ്ട്.
ഇത്രയും പ്രായമായെങ്കിലും ആരോഗ്യവതിയാണ് ചൈഷി. അവർ മൂന്നുനേരം ഭക്ഷണം കഴിക്കും. ഭക്ഷണത്തിന് ശേഷം അല്പം നടക്കും. എട്ട് മണിയാകുമ്പോൾ ഉറങ്ങാൻ പോവും. തന്റെ എല്ലാ കാര്യങ്ങളും അവർ സ്വയം ചെയ്യും. മുടി വാരുക, പക്ഷികളെ തീറ്റുക തുടങ്ങിയതെല്ലാം അവർ തനിയെ ചെയ്യും. സ്റ്റെപ്പുകൾ കയറാനും പ്രയാസമില്ല.
മത്തങ്ങയും തണ്ണിമത്തനും ചോളവുമെല്ലാം ചേർത്തുണ്ടാക്കുന്ന കഞ്ഞിയാണ് വർഷങ്ങളായി അവർ കഴിക്കുന്ന പ്രിയപ്പെട്ട ഭക്ഷണം. ചൈഷിയുടെ ജീവിതം ചെറുപ്പകാലത്ത് ദുരിതം നിറഞ്ഞതായിരുന്നു. ക്വിംഗ് രാജവംശത്തിന്റെ കാലത്ത് പട്ടിണി കാരണം നിരവധിപ്പേർ മരിച്ചെന്ന് അവർ പറയുന്നു. പലപ്പോഴും വിശപ്പടക്കാൻ കാട്ടുപഴങ്ങളും മറ്റും തിരഞ്ഞ് പർവതങ്ങൾ കേറേണ്ടി വന്നു.
വിവാഹത്തിന് മുമ്പുതന്നെ തന്റെ ഗ്രാമത്തിൽ ചൈഷിക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. കണക്കിലുള്ള അവളുടെ കഴിവിനും കായികബലത്തിനും പേരുകേട്ടിരുന്നു അവർ. വയലുകൾ ഉഴുതുമറിക്കുക, കല്ലുകൾ അടുക്കുക തുടങ്ങിയ കാർഷിക ജോലികളെല്ലാം അവർ ഏറ്റെടുത്തു.
പിന്നീട് 40 -ാമത്തെ വയസിൽ ഭർത്താവ് മരിച്ചതോടെ അവർ വീണ്ടും ദുരിതത്തിലായി. നാല് മക്കളെ തനിയെ വളർത്തി. 70 -ാം വയസിൽ, മൂത്ത മകനും അസുഖം ബാധിച്ച് മരിച്ചു. മകന്റെ ഭാര്യ പുനർവിവാഹം കഴിച്ചപ്പോൾ കൊച്ചുമകളെ നോക്കാനുള്ള കടമ ചൈഷിക്കായി. വർഷങ്ങൾക്ക് ശേഷം അവളുടെ ഭർത്താവ് മരിച്ചപ്പോഴും താങ്ങാവേണ്ടി വന്നത് ചൈഷിക്ക് തന്നെ.
ഇപ്പോൾ, തന്റെ കൊച്ചുമകളോടൊപ്പം നാൻചോംഗിലെ മൂന്ന് നിലകളുള്ള ഒരു വീട്ടിലാണ്
അവർ താമസിക്കുന്നത്. 100 വയസ് തികഞ്ഞതിന് ശേഷം കാഴ്ചശക്തിയും കേൾവിശക്തിയും കുറഞ്ഞുവെങ്കിലും നല്ല ഹ്യൂമർസെൻസാണ് ചൈഷിക്ക്.
ഈ പ്രായം വരെ ജീവിച്ചിരിക്കാനുള്ള കാരണം ചോദിച്ചാൽ ചിരിച്ചുകൊണ്ട് അവർ പറയുന്നത്, 'തന്റെ സഹോദരങ്ങളും ഭർത്താവും മകനും വളരെ പണ്ടേ മരിച്ചു, നരകത്തിലെ രാജാവ് പക്ഷെ എന്നെ മറന്നിട്ടുണ്ടാകണം, എന്നെ വിളിക്കുന്നില്ല' എന്നാണ്.
ചൈഷിയുടെ കൊച്ചുമകൾ പറയുന്നത് ഓരോ പ്രതിസന്ധി വരുമ്പോഴും കുറച്ചുനേരം അവർ നിശബ്ദയാകും. എന്നാൽ, ശക്തമായി തിരിച്ചുവരും എന്നാണ്. ജീവിതത്തോടുള്ള പൊസിറ്റീവായ സമീപനമാണ് അവരുടെ ഈ ദീർഘായുസിന് കാരണമെന്നും കൊച്ചുമകൾ പറയുന്നു.