യൗവനം പിടിച്ചുനിർത്താൻ 47 കാരി മകന്റെ രക്തം സ്വീകരിക്കുന്നു
Monday, January 6, 2025 1:20 PM IST
യൗവനം നിലനിൽക്കണമെന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. അതിനുവേണ്ടി എന്തുചെയ്യാനും മടിക്കാത്തവരുമുണ്ട്. ലോസ് ആഞ്ചലസ് സ്വദേശിയായ മാർസെല ഇഗ്ലേഷ്യ എന്ന 47 വയസുകാരി തന്റെ യൗവനം നിലനിര്‍ത്താനായി 23 കാരനായ മകന്റെ രക്തം സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്വന്തം മകനിൽനിന്നോ മകളിൽനിന്നോ രക്തം സ്വീകരിച്ചാൽ ശരീരത്തിലെ യുവകോശങ്ങൾ നശിക്കാതെ നിലനിൽക്കുമെന്നു മാർസെല അവകാശപ്പെടുന്നു. സ്റ്റെം സെൽ തെറാപ്പി പരീക്ഷിച്ചശേഷമാണ് ഇത്തരമൊരു ചികിത്സയെക്കുറിച്ച് താൻ അറിഞ്ഞതെന്നും തന്റെ സൗന്ദര്യ ചികിത്സയ്ക്കായി രക്തം നൽകുന്നതിൽ മകൻ വളരെ സന്തുഷ്ടനാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
"മനുഷ്യ ബാര്‍ബി' എന്നു സ്വയം വിശേഷിപ്പിക്കുന്ന മാർസെല, യൗവനം നിലനിര്‍ത്താനായി നിലവിൽതന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ദിവസവും ഒരു മണിക്കൂർ വ്യായാമവും എട്ടു മണിക്കൂർ ഉറക്കവും ദിനചര്യയാക്കിയ ഇവർ മധുരപാനീയങ്ങൾ, സോയ ഉത്പന്നങ്ങൾ, മദ്യം, മാംസം എന്നിവ ഒഴിവാക്കി.
എന്നാൽ, മത്സ്യം കഴിക്കും. ഒപ്പം വിറ്റാമിന്‍, കുത്തിവയ്പുകൾ തുടങ്ങിയവയും മുടങ്ങാതെ ചെയ്യുന്നു. യൗവന ചികിത്സയ്ക്കായി 85 ലക്ഷം രൂപ ഇതിനകം ഇവർ ചെലവഴിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ഇത്തരത്തില്‍ രക്തം സ്വീകരിക്കുക വഴി അപകടസാധ്യതകൾ ഉള്ളതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) മുന്നറിയിപ്പ് നല്കുന്നു. യുവദാതാക്കളില്നിന്നു രക്തം സ്വീകരിച്ചതുകൊണ്ട് യൗവനം നിലനിൽക്കുമെന്നും രോഗങ്ങൾ സുഖപ്പെടുമെന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടുന്നു.