ഒരു വെറൈറ്റി ഐറ്റം എടുക്കട്ടേ! "കോബ്ര പക്കോഡ'
Saturday, January 4, 2025 12:19 PM IST
ജക്കാർത്തയിലെ യാത്രയ്ക്കിടെ ഇന്ത്യൻ വ്ളോഗർ പരിചയപ്പെടുത്തിയ വഴിയോര വിഭവങ്ങളുടെ വീഡിയോ കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ഉഗ്രവിഷമുള്ള മൂർഖന്റെ ഇറച്ചികൊണ്ടുള്ള വിഭവങ്ങളും ചോരയുമാണു തട്ടുകടയിലെ പ്രധാനവിഭവം. വ്ളോഗർ ആകാശ് ചൗധരിയാണ് വിചിത്രവിഭവങ്ങളുടെ വീഡിയോ പങ്കുവച്ചത്.
ഭക്ഷണശാലയിൽ പാന്പിന്റെ ഇറച്ചികൊണ്ടു പക്കോഡ തയാറാക്കുന്നതും ഒരാൾ രുചിയോടെ കഴിക്കുന്നതും വീഡിയോയിലുണ്ട്. മൂർഖന്റെ രക്തം, ഉണങ്ങിയ പിത്തരസം, നൂഡിൽസ് പോലെയുള്ള പാമ്പ് മാംസം അടിസ്ഥാനമാക്കിയുള്ള വിവിധ വിഭവങ്ങൾ എന്നിവയും തട്ടുകടയിൽ ലഭ്യമാണ്.
ഇന്തോനേഷ്യയിൽ ഇത്തരം വിഭവങ്ങളെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും പാന്പിന്റെ മാംസവും രക്തവും ഉപയോഗിച്ചു തയാറാക്കുന്ന വിഭവം കണ്ടു ഞെട്ടിപ്പോയെന്നു വ്ളോഗർ പറയുന്നു.
ഇവിടത്തെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും പ്രദേശവാസികളാണ്. ഇഴജന്തുക്കളുടെ രക്തംകുടിക്കുന്നതും പാമ്പുവിഭവങ്ങൾ കഴിക്കുന്നതും പ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരത്തിനു ശക്തി നൽകുകയും ചെയ്യുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.
കോബ്ര പക്കോഡ എന്ന അടിക്കുറിപ്പോടെയാണ് ചൗധരി വീഡിയോ പങ്കുവച്ചത്. വീഡിയോ കണ്ടവർ മൂർഖനെ കൊല്ലുന്നതിൽ അസ്വസ്ഥയും രോഷവും പ്രകടിപ്പിച്ചു.