അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക..!
Wednesday, December 18, 2024 2:51 PM IST
റോഡിലേക്കു തെറിച്ചുവരുന്ന പന്തിനു പുറകെ ഒരു കുട്ടിയുണ്ടാവും എന്ന് ചിന്തിക്കുക എന്നതാണു പ്രതിരോധ ഡ്രൈവിംഗിന്റെ അടിസ്ഥാനം. നമ്മൾ ഒരു കൊടുംവളവ് മറികടക്കാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ. സ്വാഭാവികമായും ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ ഹോൺ മുഴക്കുക എന്നുള്ളതാണ് ആദ്യപടി.
എന്നാൽ മറുഭാഗത്തുള്ള ഡ്രൈവർ ഹോൺ മുഴക്കിയില്ലെങ്കിലോ? അവിടെ മറ്റു വാഹനങ്ങളില്ല എന്ന മുൻധാരണയിൽ നമുക്ക് മുന്നോട്ട് പോകാം.
എന്നാൽ ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഹോൺ മുഴക്കാതെ വരുന്നുണ്ടെങ്കിലോ? അപ്പുറത്ത് ഒരു വാഹനം ഉണ്ടെന്നും പ്രസ്തുത വാഹനം അയാൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്താവും എന്ന ധാരണയിൽ നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടതുവശത്തുകൂടി വളവ് മറികടക്കാൻ ശ്രമിക്കുക എന്നുള്ളതാണ് രണ്ടാമത്തേത്.
ഇനി അയാൾ വളവിനപ്പുറം നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടതുഭാഗത്തെ പകുതിയിലാണെങ്കിലോ. വളവിന്റെ അപ്പുറത്തുള്ള അപകടസാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള സുരക്ഷിതമായ വേഗത്തിലേക്കു മാറുകയും വേണമെങ്കിൽ വാഹനം നിർത്താൻ കഴിയും എന്നുള്ള ബോധ്യത്തോടെ വാഹനം ഓടിക്കുകയും ചെയ്യുക എന്നുള്ളതാണു മൂന്നാമത്തെ കാര്യം.
എന്നാൽ, അയാൾ അതിവേഗത്തിൽ നമുക്ക് അനുവദിച്ചിട്ടുള്ള പകുതിയിലൂടെ വളവ് തിരിഞ്ഞു വരുന്ന, നമ്മുടെ വാഹനത്തിനുനേരേ ഓടിച്ചു വരുന്ന ഒരു ഒരു വിഡ്ഢിയോ മദ്യപാനിയോ സ്ഥിരബുദ്ധി ഇല്ലാത്ത ഒരാളോ ആണെങ്കിലോ. അപ്പോഴും അവസാനനിമിഷം ഒഴിഞ്ഞുമാറാൻ കഴിയുന്നതോ അല്ലെങ്കിൽ താരതമ്യേന ലഘുവായ അപകടം മാത്രം സൃഷ്ടിക്കുന്ന ഒരു എസ്കേപ്പ് റൂട്ട് കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള നാലാമത്തെ ഘട്ടമാണ് പ്രതിരോധ ഡ്രൈവിംഗ് ലക്ഷ്യം വയ്ക്കുന്നത്.
നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിന്റെ മറവിലൂടെ എപ്പോൾ വേണമെങ്കിലും ഒരാൾ പ്രത്യക്ഷപ്പെടാം. സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ഡോർ തുറക്കാം. ആ വാഹനം പെട്ടെന്നു വലത്തോട്ട് എടുക്കാം. അങ്ങനെ "അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക’ എന്ന ഡിഫൻസ് ഡ്രൈവിംഗിന്റെ അടിസ്ഥാനതത്വം മനസിലാക്കി വേണം വാഹനമോടിക്കാൻ.
പ്രതിരോധ ഡ്രൈവിംഗിൽ ഏറ്റവും പ്രധാനം കൃത്യമായ അറിവുകളും കാഴ്ചയും കേൾവിയും ഇതിനാവശ്യമായ പ്രവർത്തിയുമാണ്. മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കൽ, ഉചിതമായ വേഗം, മറ്റ് റോഡ് ഉപയോക്താക്കളെക്കുറിച്ചുള്ള ബോധം, കണ്ണാടികളുടെ ഫലപ്രദമായ ഉപയോഗം, കൃത്യമായ സിഗ്നലുകളും ആശയവിനിമയവും നിതാന്ത ജാഗ്രത, ട്രാഫിക് നിയമ അവബോധവും അവ പാലിക്കുകയും ചെയ്യൽ എന്നിവയെല്ലാം പ്രതിരോധ ഡ്രൈവിംഗിന്റെ ഘടകങ്ങളാണ്.