മരിച്ച ഇരട്ട സഹോദരിയായി യുവതി അഭിനയിച്ചത് അഞ്ചുവർഷം..!
Tuesday, December 17, 2024 1:18 PM IST
മറ്റുള്ളവർക്കു വിഷമം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് നല്ല കാര്യമാണ്. ഉറ്റവരുടെ കാര്യത്തിലാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ, ഒരു യുവതി അവരുടെ മുത്തശനും മുത്തശിയും ദുഃഖിക്കാതിരിക്കാൻ ചെയ്ത കാര്യമറിഞ്ഞാൽ വിചിത്രമായി തോന്നും.
തന്റെ ഇരട്ടസഹോദരി മരിച്ചത് മുത്തശനും മുത്തശിയും അറിയാതിരിക്കാനായി താൻ അവളായി അഭിനയിച്ചു എന്നാണ് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വെളിപ്പെടുത്തുന്നത്. ഇൻഫ്ലുവൻസറായ ആനി നിയു (34) ആണ് ഈ അപൂർവ അഭിനേത്രി. അഞ്ചു വർഷമാണ് ഇവർ തന്റെ ഇരട്ട സഹോദരിയായി തകർത്തഭിനയിച്ചത്.
മെനിഞ്ചൈറ്റിസ് ബാധിച്ചായിരുന്നു സഹോദരിയുടെ മരണം. മരണവാർത്ത അറിഞ്ഞാൽ മുത്തശനും മുത്തശിയും മാനസികമായി തകർന്നുപോകുമെന്നു മനസിലാക്കി അഭിനയിക്കേണ്ടി വരികയായിരുന്നുവെന്നു ആനി പറയുന്നു. തന്റെ അച്ഛനാണ് ഇങ്ങനെ ഒരു ആശയം പറയുന്നത്. ഒടുവിൽ അഞ്ചു വർഷത്തിനുശേഷം ആ സത്യം തുറന്നു പറഞ്ഞുവെന്നും വീഡിയോയിലുണ്ട്.
ആനിയും സഹോദരിയും നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായമായവരെ വേദനിപ്പിക്കാതിരിക്കാൻ ചെയ്ത പ്രവർത്തിയെ നിരവധിപ്പേർ അഭിനന്ദിച്ചു. എന്നാൽ, ആൾമാറാട്ടം നടത്തിയതിനു ചിലർ യുവതിയെ വിമർശിക്കുകയും ചെയ്തു.