3,200 കിലോമീറ്റർ സഞ്ചരിച്ച് ഓസ്ട്രേലിയയിലെത്തിയ പെൻഗ്വിൻ; കൗതുകമുണർത്തുന്ന റിപ്പോർട്ട്
Wednesday, November 27, 2024 1:26 PM IST
പൊക്കം കുറഞ്ഞ ഒരു സഞ്ചാരി ഈയടുത്ത് ഓസ്ട്രേലിയയിൽ എത്തി. ആരാണന്നല്ലേ? 20 ദിവസങ്ങള്‍ക്ക് മുമ്പ് അന്റാര്‍റ്റിക്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് എത്തിയ പെന്‍ഗ്വിനാണ് കക്ഷി. എന്നാൽ ഇതിനെ 20 ദിവസങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയ തിരികെ വിട്ടു.
അന്റാര്‍ട്ടിക്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്കുള്ള 3,200 കിലോമീറ്റര്‍ ദൂരെ സഞ്ചരിച്ച് എങ്ങനെ, എന്തിനാണ് പെന്ഗ്വിന് ഓസ്ട്രേലിയയിലേക്ക് എത്തിയതെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
പെന്‍ഗ്വിന്റെ തന്റെ സഞ്ചാര പാതയിൽ നിന്നും വഴിതെറ്റി സഞ്ചരിച്ചാകാം ഇത്രയും ദൂരം സഞ്ചരിച്ചതെന്നാണ് കരുതപ്പെടുന്നത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പെന്ഗ്വിന് ഓസ്ട്രേലിയയിലെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഡെൻമാർക്കിലെ കടൽത്തീരത്ത് നവംബർ ഒന്നിനാണ് പെന്‍ഗ്വിനെ കണ്ടെത്തിയത്. നിരവധി ദിവസത്തെ പരിചരണത്തിനും നിരീക്ഷണത്തിനും ശേഷം നവംബർ 20 ന് ഓസ്ട്രേലിയയുടെ തീരത്ത് നിന്ന് ദക്ഷിണ സമുദ്രത്തിലേക്ക് പെൻഗ്വിനെ തിരികെ വിട്ടു.
പോഷകാഹാര കുറവ് ബാധിച്ച് അപരിചിതമായ സ്ഥത്ത് കൂടി ഒരു പെന്ഗ്വിന് നടക്കുന്നതായി പ്രദേശിക സര്‍ഫര്‍മാരാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കണ്ടെത്തുമ്പോള്‍ വെറും 21 കിലോ മാത്രമായിരുന്നു ഇതിന്റെ ഭാരം.
പ്രായപൂര്‍ത്തിയായ ഒരു പെന്‍ഗ്വിന്റെ പകുതിയില്‍ താഴെ ഭാരം മാത്രമാണിത്. ഇത് പെന്ഗ്വിന് രോഗബാധിതനാണെന്ന സംശയത്തിന് ഇടയാക്കിയിരുന്നു. ഗസ് എന്ന് പേരു നല്കിയ ഈ പെന്‍ഗ്വിനെ ലൈസൻസുള്ള വന്യജീവി പുനരധിവാസകാരിയായ കരോൾ ബിദ്ദുൽഫും അവരുടെ വെറ്ററിനറി ഡോക്ടറായ ഭർത്താവുമാണ് ഇത്രയും ദിവസം പരിചയിച്ചത്.