പറ്റിച്ചു ജീവിക്കുന്നവരെ തറപറ്റിക്കുന്ന എഐ മുത്തശ്ശി
Tuesday, November 19, 2024 11:40 AM IST
ആധുനിക കാലത്തെ വലിയ പ്രശ്നങ്ങളില്‍ ഒന്നാണല്ലൊ സ്കാമിംഗ്. സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആളുകളെ പറ്റിച്ച്പണം തട്ടുന്ന നിരവധി വിരുതന്മാര് ഇന്നീ ലോകത്തുണ്ട്. എന്തിനേറെ ഇതിനായി വ്യാജകമ്പനികളും കാര്യാലയങ്ങളുംവരെ അവര്‍ ഒരുക്കുന്നു.
നമ്മുടെ നാട്ടില്‍ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിലും ഇത് വലിയ പ്രശ്നമാണ്. ഇത്തരം കൊളളക്കാരെ നേരിടാന്‍ ബ്രിട്ടീഷ് ടെലികോം കമ്പനിയായ വിര്‍ജിന്‍ മീഡിയ ഒ2 നൂതനമായ ഒരു പരിഹാരവുമായി എത്തി.
അവര്‍ മനുഷ്യനെപ്പോലെയുള്ള ഒരു ചാറ്റ്ബോട്ടിനെ നിര്‍മിച്ചു; സൗഹാര്‍ദപരവും സംസാരശേഷിയുള്ളതുമായ ഒരു മുത്തശ്ശിയുടെ മാതൃകയില്‍. ഡെയ്സി എന്നാണ് ഈ എഐയുടെ പേര്. നരച്ച മുടിയും കണ്ണടയും ലാന്‍ഡ് ഫോണും ഉള്ള ഫോട്ടോറിയലിസ്റ്റിക് പ്രായമായ സ്ത്രീയായാണ് ഡെയ്സി.
തട്ടിപ്പുകാരെ നീണ്ട സംഭാഷണങ്ങളില്‍ കുടുക്കി യഥാര്‍ഥ മനുഷ്യരെ രക്ഷിക്കുകയാണ് ഇവര്‍ ചെയ്യുക. ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, ഡെയ്സി "സ്കാംബൈറ്റിംഗ്' എന്ന സമ്പ്രദായം ഓട്ടോമേറ്റ് ചെയ്യുന്നു. യഥാര്‍ഥ വ്യക്തി എന്ന് കരുതി തട്ടിപ്പുകാര്‍ സംസാരിക്കുന്നു.
എന്നാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിന് പകരം തട്ടിപ്പുകാരോട് ഡെയ്സി തന്റെ പൂച്ച ഫ്ലഫിയെ കുറിച്ചുള്ള രസകരമായ കഥകള്‍, നെയ്ത്തുകാരോടുള്ള അവളുടെ ഇഷ്ടം അല്ലെങ്കില്‍ കുടുംബാംഗങ്ങളെ കുറിച്ചുള്ള രസകരമായ കഥകള്‍ പറയുന്നു.
ചില സമയങ്ങളില്‍, തട്ടിപ്പുകാരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കാന്‍ അവള് വ്യാജ ബാങ്ക് വിവരങ്ങള്‍ പങ്കിടുന്നു. ഇത്തരത്തില്‍ സ്കാമേഴ്സിന്റെ സമയം കവരുന്നത് നിമിത്തം അവര്‍ സാധാരണ ആളുകളെ രക്ഷിക്കുകയാണ്. തട്ടിപ്പുകാരെ വട്ടംകറക്കി വലിയ താരമായിരിക്കുകയാണ് ഡെയ്സി.