മത്തങ്ങ ഉപയോഗിച്ചൊരു യാത്ര; അതും 73 കിലോ മീറ്റര്‍
Tuesday, November 5, 2024 10:01 AM IST
പലതരം റിക്കാര്‍ഡുകള്‍ പിറവിയെടുക്കുകയും പലതും തകര്‍ക്കപ്പെടുകയും ചെയ്യുമല്ലൊ. എന്നാല്‍ ചില റിക്കാര്‍ഡുകള്‍ അവയുടെ സവിശേഷത നിമിത്തം കൗതുകം പകരും. അത്തരമൊന്നിന്റെ കാര്യമാണിത്.
ഗാരി ക്രിസ്റ്റെന്സന് എന്ന യുഎസുകാരന് ആണ് ഈ റിക്കാര്‍ഡിന്റെ ഉടമ. അദ്ദേഹം താന്‍ വളര്‍ത്തിയ മത്തങ്ങ ഉപയോഗിച്ച് 73 കിലോ മീറ്റര്‍ യാത്ര ചെയ്തു. 46 കാരനായ ഈ അമേരിക്കന്‍ വാഷിംഗ്ടണിലെ കൊളംബിയ നദിയിലൂടെയാണ് ഇത്ര ദൂരം സഞ്ചരിച്ചത്.
"പങ്കി ലോഫ്സ്റ്റര്' എന്നു വിളിച്ച ഈ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും ഹിറ്റായിരുന്നു. ദൃശ്യങ്ങളില്‍ അദ്ദേഹം ഒരു ഭീമന് മത്തങ്ങ ശ്രദ്ധപൂര്‍വം ചെത്തി നൗകയാക്കുന്നത് കാണാം. തുടര്‍ന്ന് ഗാരി തന്റെ സ്വപ്ന യാത്ര സാക്ഷാത്കരിക്കുന്നതിനായി കൊളംബിയ നദിയില്‍ ഇറങ്ങി.
ഈ പങ്കി ലോഫ്സ്റ്ററിന് 555.2 കിലോഗ്രാം ഭാരവും 14 അടി വലുപ്പവും ഉണ്ടായിരുന്നു. അദ്ദേഹം 26 മണിക്കൂറാണ് അതില്‍ സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ ഗിന്നസ് റിക്കാര്‍ഡ് നേട്ടത്തെ നിരവധി പേര് അഭിനന്ദിച്ചു. മിക്കവരും മത്തങ്ങയിലെ യാത്ര എന്ന കൗതുകവും പങ്കുവച്ചു.