"നിങ്ങള്‍ പറയൂ ഈ ചേട്ടന്റെ ആവശ്യം അനാവശ്യമാണോ'; പോലീസിനെ കുഴക്കിയ കേസ്...
Monday, November 4, 2024 12:21 PM IST
"മോഷണം' അത്ര പുതുമയുള്ള വാക്കല്ലല്ലൊ. നമ്മുടെ നാട്ടിലും ലോകത്തിന്റെ ഏത് കോണിലും അതിങ്ങനെ നടന്നുകൊണ്ടിരിക്കുകയാണല്ലൊ. ഇതിന് പിന്നിലുള്ള കരങ്ങളെ പോലീസ് പിടികൂടി വിലങ്ങ്വയ്ക്കും.
ചില മോഷ്ടാക്കള്‍ വിലങ്ങിനാല്‍ തളയ്ക്കപ്പെടാതെ വിലസി നടക്കും. വലിയ മോഷണങ്ങള്‍ ശ്രദ്ധ നേടുമ്പോലെ ചില ചെറിയ മോഷണങ്ങളും ശ്രദ്ധേയമാകും. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നടന്ന ഒരു മോഷണവും അതില്‍ പരാതി പറഞ്ഞ ചേട്ടനും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
ഹര്‍ദോയിയിലെ മന്ന പൂര്‍വയിലാണ് സംഭവം. വിജയ് വര്‍മ എന്ന ആളാണ് പരാതിക്കാരന്. ഇദ്ദേഹത്തിന്റെ 250 ഗ്രാം ഉരുളക്കിഴങ്ങാണ് മോഷണം പോയത്. അതും തൊലി കളഞ്ഞ് പാചകം ചെയ്യാനായി എടുത്തുവച്ച നേരം. പിന്നൊന്നും ആലോചിച്ചില്ല അദ്ദേഹം 112 ല്‍ ഡയല് ചെയ്തു. ഉടനടി പോലീസും എത്തി.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ പോലീസ് ജീപ്പിനടുത്തായി നില്ക്കുന്ന വിജയ്യെ കാണാം. അദ്ദേഹം മദ്യപിച്ചിട്ടുണ്ട്. മദ്യപിച്ചിട്ടുണ്ടോ എന്ന് പോലീസ് ഉദ്യോഗസ്ഥന് ചോദിച്ചതിന് അയാള്‍ മദ്യപിച്ചിട്ടുണ്ടെന്നും സ്വന്തം പണം ഉപയോഗിച്ച് മദ്യം കുടിക്കാറുണ്ടെന്നും പണത്തിനായി ആരെയും ശല്യപ്പെടുത്താറില്ലെന്നും മറുപടി നല്കി.
പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷമയോടെ അവന്റെ പരാതി കേട്ടു. താന്‍ നാല് മണിക്കൂര്‍ മുമ്പ് തൊലി കളഞ്ഞ് വച്ച ഉരുളക്കിഴങ്ങാണത്രെ നഷ്ടമായത്. കുടിച്ചിട്ട് തിരിച്ചെത്തിയപ്പോള്‍ അത് കാണാതായി എന്നാണ് വിജയ് പറയുന്നത്. ആരോ മോഷ്ടിച്ചു.. ഇത് ആവശ്യമാണ്. അന്വേഷിക്കണം എന്ന് അയാള്‍ ആവശ്യപ്പെടുമ്പോള്‍ പോലീസ് ചിരിയടക്കുകയാണ്.
വൈറലായി മാറിയ ഈ സംഭവത്തില്‍ നിരവധിപേര്‍ വിജയ്യെ പിന്തുണച്ച് രംഗത്തെത്തി. "അവന് പറഞ്ഞത് പരമമായ സത്യമാണ്, ഉരുളക്കിഴങ്ങ് മോഷ്ടിക്കപ്പെട്ടു. അവന് ആരെയും തല്ലിയിട്ടില്ല, അവന് കഠിനാധ്വാനം ചെയ്യുന്നു. അതിനാല്‍ അവന് സ്വന്തം പണം ഉപയോഗിച്ച് കുടിക്കുന്നു. കുറഞ്ഞത് അവന് സത്യം സംസാരിച്ചു' എന്നാണൊരാള്‍ കുറിച്ചത്. "ഉരുളക്കിഴങ്ങ് മോഷ്ടാവിനെ കണ്ടെത്തണം. സിബിഐ വന്നാലും വേണ്ടീല' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.