400 ടയറുകള്‍ 800 ടണ്‍ ഭാരം; ബാഹുബലി ട്രക്ക്
Friday, November 1, 2024 12:39 PM IST
ഒരു ട്രക്ക് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഒരു വലിയ വാഹനത്തിന്റെ ചിത്രം രൂപപ്പെടുമല്ലൊ. ഇത്തരം വാഹനങ്ങള്‍ കണ്ണിന് മുന്നില്‍ എത്തുമ്പോള്‍ വലിയ കൗതുകമാണല്ലൊ നമുക്ക് ഉണ്ടാവുക.
എന്നാല്‍ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് നിന്ന് പാനിപ്പത്ത് റിഫൈനറിയിലേക്ക് ബോയിലര്‍ ഭാഗങ്ങള്‍ കയറ്റിവന്ന രണ്ട് ട്രക്കുകള്‍ അതിന്റെ വലിപ്പം നിമിത്തം ചര്‍ച്ചയാവുന്നു. ഓരോ ട്രെയിലറിനും 400 ടയറുകളും ബോയിലര്‍ ഉള്‍പ്പെടെ ഏകദേശം 800 ടണ്‍ ഭാരവും ഉണ്ട്.
250ല്‍ പരം ജീവനക്കാര്‍ ഈ ട്രക്കിനെ അനുഗമിക്കുന്നു. ദിവസവും 15 മുതല്‍ 20 കിലോമീറ്റര്‍ വരെ ഇവ സഞ്ചരിക്കുന്നു. ഓരോ ട്രക്കും 500 കുതിരശക്തി ഉത്പാദിപ്പിക്കുന്നു. അതിന്റെ ഫലമായി ട്രെയിലറുകള്‍ വലിക്കാന്‍ മൊത്തം 3500 കുതിരശക്തി ഉപയോഗിക്കുന്നു.
ഹരിയാനയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഇവ രണ്ടും നര്‍വാനയിലെ സിര്‍സ ബ്രാഞ്ച് കനാലിലെ താത്കാലിക പാലം കടന്നുപോയ കാഴ്ച സാഹസികമായിരുന്നത്രെ. ഒട്ടനവധിപേര്‍ ഈ കാഴ്ച കാണാനെത്തി.
ട്രെയിലര്‍ വലിക്കാന്‍ ആദ്യം അഞ്ച് ട്രക്കുകള്‍ വിന്യസിച്ചെങ്കിലും ക്രോസ് ചെയ്യുന്നതില്‍ വിജയിച്ചില്ല. പിന്നീട്, രണ്ട് അധിക ട്രക്കുകള്‍ ഈ ശ്രമത്തില്‍ ചേര്‍ന്നു. ഒടുവില്‍, രണ്ട് ട്രക്കുകളും താല്‍ക്കാലിക പാലം മുറിച്ചുകടന്നു. ട്രക്കുകള്‍ ഈ പാലം കടന്നപ്പോള്‍ ആളുകള്‍ കൈയടിക്കുകയുണ്ടായി.