മോഷണം@കുട്ടിക്കാലം; 27 വർഷത്തിനുശേഷം പ്രായശ്ചിത്തം..!
Wednesday, September 25, 2024 12:59 PM IST
എന്തെങ്കിലും തെറ്റ് ചെയ്താൽ അതിന് ശിക്ഷ അനുഭവിക്കുകയോ പ്രായശ്ചിത്തം ചെയ്യുകയോ ചെയ്തില്ലെങ്കിൽ കുറ്റബോധം ഒഴിയാബാധയായി തുടരും. കുറ്റം ആരും കണ്ടുപിടിച്ചില്ലെങ്കിലും ഇതായിരിക്കും മിക്കവരുടെയും അവസ്ഥ.
ദക്ഷിണകൊറിയയിലെ ഒരു ക്ഷേത്രത്തിൽ അടുത്തിടെ ഒരു അസാധാരണ പ്രായശ്ചിത്തം നടന്നു. കുട്ടിയായിരിക്കെ ക്ഷേത്രത്തിൽനിന്നു മോഷ്ടിച്ച പണം പലിശയടക്കം 27 വർഷത്തിനുശേഷം തിരികെ നൽകിയാണ് അജ്ഞാതൻ പ്രായശ്ചിത്തം നിറവേറ്റിയത്. കൂടെ ഭണ്ഡാരപ്പെട്ടിയിൽ ഒരു ക്ഷമാപണ കത്തും നിക്ഷേപിച്ചു.
ഗ്യോംഗ് സാഗ് പ്രവിശ്യയിലെ ടോഗ്ഡോ ക്ഷേത്രത്തിൽനിന്ന് 1997ലാണു താൻ പണം മോഷ്ടിച്ചതെന്നു കത്തിൽ പറയുന്നു. 30,000 വോൺ (1920 ഇന്ത്യൻ രൂപ) ആണു മോഷ്ടിച്ചത്. ദിവസങ്ങൾക്കുശേഷം വീണ്ടും മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ ഒരു സന്യാസി പിടികൂടി. പക്ഷേ, ആ സന്യാസി എന്നെ പോലീസിന് കൈമാറിയില്ല. മോഷണവിവരം മറ്റാരോടും പറഞ്ഞുമില്ല.
പകരം തന്നെ ആശ്വസിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. ഈ സംഭവം തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചെന്നും പിന്നീടു തന്റേതല്ലാത്തതൊന്നും ആഗ്രഹിച്ചിട്ടില്ലെന്നും കത്തിൽ കുറിച്ചിരുന്നു.
കത്തിനൊപ്പം രണ്ടു മില്യൺ വോൺ (ഒന്നേകാൽ ലക്ഷം ഇന്ത്യൻ രൂപ) ആണു സംഭാവനപ്പെട്ടിയിൽ നിക്ഷേപിച്ചത്. നിലവിലെ ജോലിയോ പേരോ അജ്ഞാതൻ കത്തിൽ സൂചിപ്പിച്ചിരുന്നില്ലെങ്കിലും കഠിനാധ്വാനത്തിലൂടെ താൻ ഇപ്പോൾ നല്ല നിലയിലാണ് ജീവിക്കുന്നതെന്നും ഒരച്ഛനാകാനുള്ള കാത്തിരിപ്പിലാണെന്നും തന്റെ കുഞ്ഞിന് അഭിമാനിക്കാവുന്ന ഒരു അച്ഛനാകാൻ താന് ആഗ്രഹിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു ക്ഷമാപണം നടത്താൻ തീരുമാനിച്ചതെന്നും വ്യക്തമാക്കിയിരുന്നു.
ക്ഷേത്രജീവനക്കാരനാണ് കത്ത് കണ്ടെത്തിയത്. ക്ഷേത്രത്തിൽ ഇപ്പോഴും കഴിയുന്ന അന്തേവാസിയായ ഒരു സന്യാസി വർഷങ്ങൾക്ക് മുമ്പ് അത്തരത്തിലൊരു ബാലനെ കണ്ടിരുന്നതായി വ്യക്തമാക്കിയെന്നു കൊറിയൻ ടൈംസ് റിപ്പോർട്ട് ചെയ്തു.