കർണാടകയിൽ 1,600 ടൺ "വെളുത്തസ്വർണം' കണ്ടെത്തി
Thursday, August 8, 2024 2:05 PM IST
കർണാടകയിൽ 1,600 ടൺ വെളുത്തസ്വർണം എന്നറിയപ്പെടുന്ന ലിഥിയം നിക്ഷേപം കണ്ടെത്തി. ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനു മുതല്‍ക്കൂട്ടാകുന്ന ലോഹനിക്ഷേപം കണ്ടെത്തിയതു മാണ്ഡ്യ ജില്ലയിലെ മാർലഗല്ലയിലാണ്.
അറ്റോമിക് ഡയറക്ടറേറ്റ് ഫോര്‍ എക്സ്പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആണ് വൻനിക്ഷേപം കണ്ടെത്തിയത്. ലിഥിയം ഭാവിയിലേക്കുള്ള ഏറ്റവും മൂല്യമുള്ള ലോഹങ്ങളിലൊന്നായാണു കണക്കാക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. വാഹന ബാക്ടറിയില്‍ മാത്രമല്ല, ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ ബാറ്ററിയിലും ലിഥിയം ഉപയോഗിക്കപ്പെടുന്നു. ഗ്ലാസ്, സിറാമിക്സ് വിപണിയിലും ഇതിന്റെ ആവശ്യങ്ങളുണ്ട്.
ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദനരാജ്യം ചിലിയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തിന്റെ 35 ശതമാനവും ഈ രാജ്യത്തുനിന്നാണ്. ചിലിയിലും ബൊളീവിയയിലും അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്ന ഉപ്പുനിലങ്ങളിലാണ് ലിഥിയം നിക്ഷേപമുള്ളത്.
ലോകത്തു ലിഥിയത്തിന്റെ ക്ഷാമം അടുത്ത വർഷത്തോടെ ഉടലെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.