ബംഗളൂരില്‍ ഡ്രൈവിംഗിനേക്കാള്‍ നന്ന് നടപ്പെന്ന് ഗൂഗിള്‍ മാപ്സ്
Saturday, July 27, 2024 12:40 PM IST
ദിശയും ദൂരവും തടസവുമൊക്കെ അറിയാന്‍ നമ്മളെ ഏറ്റവും സഹായിക്കുന്ന ഒന്നാണല്ലൊ ഗൂഗിള്‍ മാപ്സ്. പരിചയമില്ലാത്ത വഴികളിലും വലിയ നഗരങ്ങളിലും ഇത് വളരെ ഉപകാരപ്രദമാണ്. മാത്രമല്ല എളുപ്പ വഴികളും കാട്ടിത്തരും.
പലരേയും കുഴിയില്‍ ചാടിച്ചിട്ടുണ്ട് എന്ന കാര്യം വേറെ. ഇപ്പോഴിതാ ബംഗളൂരുവില്‍ ഒരാള്‍ക്ക് ഗൂഗിള്‍ മാപ്പ് നല്കിയ "ഗുണദോഷം' വൈറലാകുന്നു.
എക്സ് ഉപയോക്താവ് ആയുഷ് സിംഗ് ഒരു ഗൂഗിള്‍ മാപ്സ് സ്ക്രീന്‍ഷോട്ട് പങ്കിട്ടു. അതില്‍ ബ്രിഗേഡ് മെട്രോപോളിസില്‍ നിന്ന് കെആര്‍ പുരം റെയില്‍വേ സ്റ്റേഷനിലേക്ക് ഡ്രൈവ് ചെയ്യാന്‍ എടുക്കുന്ന സമയവും നടക്കാന്‍ എടുക്കുന്ന സമയവും കാണിക്കുന്നു.
ഏകദേശം ആറുകിലോമീറ്റര്‍ ദൂരമാണ് ഈ ഇടങ്ങള്‍ തമ്മില്‍. ചിത്രം അനുസരിച്ച്, രണ്ട് പോയിന്റുകള്‍ക്കിടയിലുള്ള ഡ്രൈവിംഗിന് ഒരു വ്യക്തി 44 മിനിറ്റ് എടുക്കും. അതേസമയം നടന്നാല്‍ 42 മിനിറ്റും. "നടപ്പ്' ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരമാണ് ബംഗളൂരു. 2023-ല്‍ ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ബാധിത നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് ഇന്ത്യന്‍ നഗരങ്ങളില്‍ ഈ ഐടി നഗരവും ഉള്‍പ്പെടുന്നു.
എന്നാല്‍ ബംഗളൂരുവില്‍ മാത്രമല്ല ലോകത്തിലെ പല മെട്രോ നഗരങ്ങളിലും ഇതേ അവസ്ഥയാണുള്ളതെന്ന് ചിലര്‍ പറഞ്ഞു. "പീക്ക് സമയത്ത് മുംബൈയിലും ഡല്‍ഹിയിലും ഇതേ അവസ്ഥയാണ്' എന്നാണൊരാള്‍ കുറിച്ചത്.