ഫ്ലോറിഡയിലെ വെള്ള ചീങ്കണ്ണി; പേര് നിര്‍ദേശിക്കാന്‍ അവസരം
Saturday, December 9, 2023 10:30 AM IST
മുതലയും ചീങ്കണ്ണിയുമൊക്കെ കുട്ടിക്കാല കഥകളിലെ സ്ഥിരം സാന്നിധ്യമായിരുന്നല്ലൊ. പിന്നീട് മൃഗശാലകളിലും അതിനുശേഷം യൂട്യൂബിലുമൊക്കെ ഇവറ്റകളെ കണ്ട് നാം എത്രവട്ടം അന്തിച്ചിരിക്കുന്നു.
എന്നാല്‍ ഒട്ടുമിക്കവരും കാണാന്‍ ഇടയില്ലാത്ത ഒന്നാണ് വെള്ള ചീങ്കണ്ണി. അത്ര അപൂര്‍വമായ ഒന്നാണത്.
ഇപ്പോഴിതാ അമേരിക്കയിലെ ഫ്ലോറിഡയിലെ പ്രശസ്ത ചീങ്കണ്ണി പാര്‍ക്കായ ഗേറ്റര്ലാന്ഡ് ഒര്‍ലാന്‍ഡോയില്‍ ഒരു വെളുത്ത ചീങ്കണ്ണി ജനിച്ചിരിക്കുന്നു. കൂട്ടത്തില്‍ മറ്റൊരു സാദാ നിറമുള്ള ചീങ്കണ്ണിയും ഉണ്ടായി.
സാധാരണഗതിയില്‍ പിങ്ക് കണ്ണുകളുള്ള, പിഗ്മെന്റ് പൂര്‍ണമായും നഷ്ടപ്പെടുന്ന ആല്‍ബിനോ തരത്തിലുള്ള വെളുത്ത ചീങ്കണ്ണികളെ കാണാന്‍ കഴിയും. പിങ്ക്മെന്റ് ഇല്ലാതെ വരുന്നതിനാല്‍ പല ജീവികള്‍ക്കും ഇത്തരത്തില്‍ നിറം നഷ്ടമാകും.
എന്നാല്‍ ഈ ചീങ്കണ്ണി അത്തരത്തില്‍ ഉള്ള ഒന്നല്ല. ഇത് അപൂര്‍വമായിട്ടുള്ള ജനനം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അസാധാരണവും ലോകത്തിലെ ആദ്യത്തേതും എന്നാണ് ഗേറ്റര്ലാന്ഡ് ഒര്‍ലാന്‍ഡോ അധികൃതര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഈ ചീങ്കണ്ണിക്ക് നീലകണ്ണുകള്‍ ആണത്രെ. എന്തായാലും ഈ വെളുത്ത പെണ് ചീങ്കണ്ണിക്കും അതിനൊപ്പം ജനിച്ച ആണ് ചീങ്കണ്ണിക്കും പേര് തേടുകയാണ് ഗേറ്റര്ലാന്ഡ് ഒര്‍ലാന്‍ഡോ. പൊതു ജനങ്ങള്‍ക്ക് ഇവയ്ക്ക് ചേരുന്ന പേര് നിര്‍ദേശിക്കാം എന്നാണവര്‍ പറയുന്നത്.
മാത്രമല്ല അടുത്തവര്‍ഷം മുതല്‍ ഈ ചീങ്കണ്ണികളെ നേരിട്ടുകാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കാനും മൃഗശാല അധികൃതര്‍ ആലോചിക്കുന്നുണ്ട്.