ഉഗാണ്ടയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മംനല്കി 70 വയസുള്ള സ്ത്രീ
Monday, December 4, 2023 11:05 AM IST
ശാസ്ത്രം പുരോഗമിക്കുമ്പോള്‍ വിസ്മയവാര്ത്തകള് ധാരാളം ജനിക്കുന്നു. സാങ്കേതികവിദ്യകളുടെ പുരോഗതി നിമിത്തം ഇത്തരം സംഭവങ്ങള്‍ നിമിഷാര്ദ്ധങ്ങള്ക്കുള്ളില് ലോകത്തിന്റെ ഏതുകോണിലും എത്തുന്നു.
അത്തരത്തിലൊരു കാര്യം അടുത്തിടെ ഉഗാണ്ടയില്‍ നിന്നും റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി. ഇവിടെ കമ്പാലയിലെ ഒരു ആശുപത്രിയില്‍ 70 വയസുള്ള ഒരു സ്ത്രീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി.
സഫീന നമുക്വയ എന്ന വയോധികയാണ് ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്മം നല്‍കിയത്. വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സയിലൂടെയാണ് ഇവര്‍ അമ്മയായത്. മാസം തികയാതെ 31 ആഴ്ചയിലാണ് ഈ കുഞ്ഞുങ്ങള്‍ ജനിച്ചത്. നിലവില്‍ കുഞ്ഞുങ്ങള്‍ ഇന്‍കുബേറ്ററിലാണ്.
വിമന്‍സ് ഹോസ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്ററിലെ ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റായ ഡോ. എഡ്വേര്‍ഡ് തമലെ സാലിയാണ് അമ്മയുടെയും കുഞ്ഞുങ്ങളുടെയും ചികിത്സയ്ക്ക് മേല്‍നോട്ടം നല്‍കുന്നത്. ഈ കുഞ്ഞുങ്ങളുടെ ജനനം ചരിത്ര സംഭവം എന്നാണ് തമലെ അഭിപ്രായപ്പെട്ടത്.
ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത് പ്രകാരം നമുക്വയയുടെ രണ്ടാമത്തെ പ്രസവമാണിത്. 2020ല്‍ അവര്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു.
"മക്കളില്ലാതെ വിഷമിച്ച തനിക്കിപ്പോള്‍ മൂന്നിരട്ടി സന്തോഷം; പ്രായമാകുമ്പോള്‍ അവര്‍ തന്നെ നോക്കും' എന്നാണ് സഫീന നമുക്വയ ഇപ്പോൾ പറയുന്നത്.