ഏറ്റവും നീളം കൂടിയ മുടി; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വനിത
Thursday, November 30, 2023 10:49 AM IST
കേശഭാരം, കേശാലങ്കാരം, അളിവേണി അങ്ങനെ എത്രയെത്ര പദങ്ങളാണ് മുടിയുമായി ബന്ധപ്പെട്ട് നാം സാഹിത്യപരമായി കേട്ടിരിക്കുന്നത്. അത്രയേറെ പ്രാധാന്യം മുടിക്ക് ആളുകള്‍ നല്‍കുന്നുണ്ട്.
നീളന്‍മുടിയുള്ള ഒരാളെ നാമെല്ലാം ശ്രദ്ധിക്കാറുമുണ്ടല്ലൊ. ഇപ്പോഴിതാ ഈ മുടിയുടെ കാര്യത്തില്‍ ഒരു ഇന്ത്യക്കാരി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് തീര്‍ത്തിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്മിത ശ്രീവാസ്തവയാണ് തന്റെ മുടിയുടെ നീളം നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്. ഏഴ് അടി ഒമ്പത് ഇഞ്ച് നീളമാണ് ഈ 46 വയസുകാരിയുടെ മുടിക്കുള്ളത്.
14-ാം വയസുമുതല്‍ സ്മിത മുടി നീട്ടിവളര്‍ത്താന്‍ ആരംഭിച്ചതാണ്. 1980-കളില്‍ ഹിന്ദി നടിമാര്‍ ധരിച്ചിരുന്ന നീണ്ട ഹെയര്‍സ്റ്റൈലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത മുടി വളര്‍ത്താന്‍ ആരംഭിച്ചത്.
മാത്രമല്ല ഭാരതീയ സംസ്കാരത്തില്‍ ദേവതകള്‍ക്ക് പരമ്പരാഗതമായി വളരെ നീളമുള്ള മുടിയുണ്ടായിരുന്നുവെന്ന് സ്മിത പറയുന്നു. മുടിമുറിയ്ക്കുന്നത് അശുഭകരമായി തന്റെ സമൂഹം കരുതിരുന്നതായും അവര്‍ പറയുന്നു.
പക്ഷേ ഈ മുടി പരിപാലനം ഏറെ ആയാസകരമായ ഒരു കാര്യമാണെന്ന് സ്മിത പറയുന്നു. സാധാരണയായി ആഴ്ചയില്‍ രണ്ടുതവണ മുടി കഴുകുന്നു. കഴുകാന്‍ 30-45 മിനിറ്റ് ചെലവഴിക്കും.
കഴുകല്‍, ഉണക്കല്‍, സ്റ്റൈലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയയ്ക്കും ഓരോ തവണയും മൂന്ന് മണിക്കൂര്‍ വരെ എടുക്കും. എന്നിരുന്നാലും ഈ നീളന്മുടി ആളുകള്‍ക്കിടയില്‍ അവര്‍ക്ക് ഒരു താരപരിവേഷം നല്‍കുന്നുണ്ട്.
പുറത്തിറങ്ങുമ്പോഴെല്ലാം അദ്ഭുതം കൂറുന്ന കാഴ്ചക്കാര്‍ സ്മിതയ്ക്കൊപ്പം ചിത്രം പകര്‍ത്താന്‍ മത്സരിക്കും. ഇപ്പോഴിതാ മുടി നിമിത്തം ഗിന്നസ് റിക്കാര്ഡിലും ഇടംപിടിച്ചിരിക്കുന്നു. റിക്കാര്‍ഡ് നേട്ടം സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ നെറ്റിസണും സ്മിതയെ അഭിനന്ദിക്കുകയാണിപ്പോള്‍.