പോലീസും പൊട്ടിച്ചിരിച്ചു; കൗതുകമായി "പിക്കാച്ചൂ ഹെല്‍മെറ്റ്'
Friday, November 24, 2023 12:31 PM IST
നമ്മുടെ നിരത്തുകളില്‍ നിരവധി യൗവനങ്ങള്‍ പട്ടുപോകാറുണ്ട്. അവയില്‍ കൂടുതലും ഇരുചക്രവാഹനം മൂലമുള്ള അപകടമരണങ്ങളാണ്.
അതിനാല്‍ത്തന്നെ ശിരോരക്ഷാ കവചം എന്ന ഹെല്‍മെറ്റ് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിഷ്കര്‍ഷിക്കുന്നു.ഹെല്‍മെറ്റ് ഉപയോഗിക്കാത്തവര്‍ക്ക് പിഴയും ഈടാക്കും.
ജീവന് രക്ഷാ സൂത്രം എന്നതില്‍ നിന്നും ഹെല്‍മെറ്റ് ഒരു വ്യവസായ ഉത്പന്നം എന്ന നിലയില്‍ പലരും കണ്ടുതുടങ്ങിയതോടെ വേറിട്ട മോഡല്‍ ഹെല്‍മെറ്റുകള്‍ വിപണിയില്‍ ഇറങ്ങി. കൊമ്പുള്ളതും ലൈറ്റ് കത്തുന്നും ഒക്കെയായി അരങ്ങ് വാഴാന്‍ ആരംഭിച്ചു.
എന്നാല്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ എത്തിയ വീഡിയോയയിലുള്ള ഹെല്‍മെറ്റ് നന്നേ വ്യത്യസ്തമായിരുന്നു. കാര്‍ട്ടൂണ്‍ പ്രേമികളുടെ പ്രിയപ്പെട്ട കഥാപാത്രം "പിക്കാച്ചൂ' ആണ് ഹെല്‍മെറ്റിന്റെ തീം.
ദൃശ്യങ്ങളില്‍ ഈ ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവുമായി പോലീസ് നില്‍ക്കുന്നതാണുള്ളത്. ഈ പിക്കാച്ചു പോലീസിനും കൗതുകമായി. യുവാവിനെ തടഞ്ഞുവച്ച പോലീസുകാര്‍ ചിരിക്കുകയാണ്.
"ഈ ഹെല്‍മെറ്റ് മുയല് ആണൊ' എന്നൊരു പരിശോധകന് തിരക്കുന്നു. കാണാന്‍ രസമുണ്ടെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന് പറയുന്നു.
എക്സിലെത്തിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "എന്തുതരം മോഡല്‍ ആയാലും വേണ്ടുകേല; ഹെല്മെറ്റ്വച്ച് തല സൂക്ഷിച്ചാല്‍ മതി' എന്നാണൊരാള്‍ കുറിച്ചത്.