"എനിക്കും വേണം ഒരു ഭാരതരത്നം'; പുരസ്കാരം ആവശ്യപ്പെട്ട് അധികാരികൾക്ക് യുവാവിന്റെ കത്ത്
Wednesday, November 22, 2023 12:13 PM IST
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണല്ലൊ ഭാരതരത്ന പുരസ്കാരം. ഭാരതരത്ന ലഭിച്ചവരെ അഭിസംബോധന ചെയ്ത് സര്‍ക്കാരില്‍ നിന്ന് കത്തുകള്‍ ലഭിക്കുന്നത് ഒരു സാധാരണ സംഭവമാണ്.
എന്നാല്‍ ഒരു സാധാരണക്കാരന് അധികാരികളോട് നേരിട്ട് തനിക്ക് ഭാരതരത്ന നല്‍കണമെന്ന് അഭ്യര്‍ഥിച്ചതായി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. അത്തരമൊരു കൗതുകകരമായ സംഭവം കഴിഞ്ഞദിവസം ഉണ്ടായി.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു യുവാവ് തനിക്കും ഭാരതരത്ന പുരസ്കാരം നല്കണന്നൊവശ്യപ്പെട്ട് അധികാരികള്‍ക്ക് കത്തയച്ചു. ഗൊരഖ്പുരില് നിന്നുള്ള വിനോദ് കുമാര്‍ ഗോണ്ട് എന്ന ആളാണ് കത്ത് അയച്ചിരിക്കുന്നത്.
ഗൊരഖ്പൂര്‍ കമ്മീഷണര്‍ക്കും ജില്ലാ മജിസ്ട്രേറ്റിനും ആണ് യുവാവ് കത്ത് അയച്ചത്. എന്നാല്‍ പുരസ്കാരം ആവശ്യപ്പെടാനുള്ള കാരണമാണ് ഏറ്റവും രസകരം. അത് മറ്റൊന്നുമല്ല ഭാരതരത്ന ലഭിക്കുമെന്ന് ഒരു ഉള്‍വിളി ലഭിച്ചത്രെ. ഒരു സായാഹ്നത്തില്‍ ധ്യാനിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പോലും ഇയാള്‍ക്ക് ഈ ഉള്‍വിളി ലഭിച്ചത്.
ഹിന്ദിയില്‍ ഇദ്ദേഹം എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഇത്തരം ഒരു അപേക്ഷയ്ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചതാണ് നെറ്റിസണ്‍മാരെ അത്ഭുതപ്പെടുത്തുന്നത്.
എന്തായാലും ഈ കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയതായാണ് ലഭിക്കുന്ന വിവരം. കത്തിന് മറുപടി ലഭിച്ചാല്‍ ഉടന്‍ തന്നെ വിനോദിനെ അറിയിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഇതിന്റെ ആധികാരികതയില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും ഭാരതരത്നം ഇദ്ദേഹത്തിന് ലഭിക്കുമോ ഇല്ലയൊഎന്ന കൗതുകം നെറ്റിസണില്‍ ബാക്കിയാണ്. "ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലൊ' എന്നാണവരുടെ ചിന്ത.