സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒറ്റപ്പെട്ടു കഴിയുന്ന ഒരാള്‍; കാരണം...
Monday, October 16, 2023 12:23 PM IST
ഭയം; അതൊരു വിചിത്രമായ വികാരമാണ്. വെള്ളം, തീ, ഇരുണ്ട മുറി, മൃഗങ്ങള്‍, ഉയരം തുടങ്ങി പല കാര്യങ്ങളോടും ഭയം ഉള്ള ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒരു വീടിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഒരാള്‍ ആരിലും കൗതുകം ജനിപ്പിക്കും.
ആള് ആഫ്രിക്കയിലാണ്. റുവാണ്ടന്‍ സ്വദേശിയായ കാലിറ്റ്ക്സെ നസാംവിറ്റ എന്ന 71 വയസുകാരനാണിത്. സ്ത്രീകളുമായുള്ള സഹവാസം ഇദ്ദേഹത്തിന് അസ്വസ്ഥത ജനിപ്പിക്കുമത്രെ.
നസാംവിറ്റയുടെ 16-ാം വയസുമുതല്‍ ആണ് ഇദ്ദേഹം സ്ത്രീകളില്‍ നിന്ന് അകന്ന് കഴിയാന്‍ തുടങ്ങിയതത്രെ. ഇതിന്‍മൂലം അദ്ദേഹം പുറത്തിറങ്ങാന്‍ മടിക്കുമത്രെ. സ്ത്രീകളെ കാണാതിരിക്കാന്‍ വീടിന് ചുറ്റും 15 അടി ഉയരത്തിലുള്ള വേലിയും ഇദ്ദേഹം കെട്ടിയിട്ടുണ്ട്.
എന്നാല്‍ ഏറ്റവും വിരോധാഭാസം ഇദ്ദേഹത്തിന് അവശ്യ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഒക്കെ എത്തിച്ചുനല്‍കുന്നത് അയല്പക്കത്തുള്ള സ്ത്രീകളാണ്. മിക്കപ്പോഴും സാധനങ്ങള്‍ ഉള്ളിലേക്ക് വലിച്ചെറിയുകയാണവര്‍ ചെയ്യുക.
അയല്‍ക്കാരിയായ ഒരു സ്ത്രീ പറയുന്നതനുസരിച്ച്, കുട്ടിക്കാലം മുതല്‍ നസാംവിറ്റ അപൂര്‍വമായി മാത്രമേ തന്റെ പരിസരം വിട്ടുപോയിട്ടുള്ളൂ. സ്ത്രീകളെ എങ്ങാനും കണ്ടാല്‍ ഉടനടി വാസസ്ഥലത്തേക്ക് മടങ്ങിപ്പോകും. ആ ശീലത്തില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹത്തന് ആയില്ല.
സ്ത്രീകളോടുള്ള യുക്തിരഹിതമായ ഭയമായ ഗൈനോഫോബിയ ആണ് ഇദ്ദേഹത്തിനെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും അപൂര്‍വമായ ഈ അവസ്ഥയില്‍ അന്തിക്കുകയാണ് നെറ്റിസണ്. പലരും ആദ്യമായിട്ടാണ് ഇത്തരമൊരു കാര്യം കേള്‍ക്കുന്നത്.