വളര്‍ത്തുമൃഗങ്ങളെ കാറിലും സ്‌കൂട്ടറിലും ഒക്കെ കൊണ്ടു പോകുന്നത് നാം കണ്ടിട്ടുണ്ട്. കാണാന്‍ വളരെ ഓമനത്തമുള്ള നായയും പൂച്ചയുമൊക്കെ അച്ചടക്കോടെ സഞ്ചരിക്കുന്നത് കണ്ടാല്‍ മനസിനും ഒരു കുളിര്‍മയാണ്. എന്തിനേറെ പറയുന്നു കേരളത്തില്‍ ആനകളെ ലോറിയില്‍ കൊണ്ടു പോകുന്നത് പോലും കണ്ട് സന്തോഷിക്കുന്നവരുണ്ട്.

എന്നാല്‍ യുഎസില്‍ ഒരാള്‍ ഇത്തരത്തില്‍ തന്‍റെ ഓമന മൃഗത്തെ വാഹനത്തില്‍ കയറ്റി കൊണ്ടു പോയത് കണ്ട് നാട്ടുകാര്‍ പേടിച്ചരണ്ട് പോലീസിനെ വിളിക്കേണ്ട അവസ്ഥ വന്നത് സൈബർ ലോകത്ത് ചർചയായിട്ടുണ്ട്.

ഒരു മധ്യവയസ്കൻ താന്‍ വളര്‍ത്തുന്ന കാളക്കൂറ്റനെ കാറിലിരുത്തി യാത്ര ചെയ്യുന്ന വീഡിയോ എക്‌സില്‍ വൈറലായിരിക്കുകയാണ്. ഹൗഡി ഡൂഡി എന്ന് പേരുള്ള ഈ കാളയെ വാഹനത്തില്‍ കയറ്റുന്നതിനായി ഒരു ഭാഗത്തെ ഡോറും റൂഫും ഇദ്ദേഹം മോഡിഫൈ ചെയ്തു.

വലിയ കൊമ്പുകളുള്ള കാളയെ വഹിച്ചുകൊണ്ട് കാര്‍ പോകുന്ന വീഡിയോ നെഞ്ചിടിപ്പോടെയല്ലാതെ കാണാന്‍ സാധിക്കില്ല. കാളക്കൂറ്റന്‍ വാഹനത്തില്‍ വരുന്നത് കണ്ട ആളുകള്‍ നോര്‍ഫോക്ക് പോലീസില്‍ വിളിച്ച് വിവരം പറഞ്ഞു.



ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി ഉടമയേയും കാളയേയും കസ്റ്റഡിയിലെടുത്തു. ഇയാള്‍ നടത്തിയത് ട്രാഫിക്ക് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥര്‍ കാളയെ എത്രയും വേഗം വീട്ടില്‍ കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. ഈ രീതിയില്‍ കാളയെ നഗരത്തില്‍ കൊണ്ടുവരരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വലിയ കൊമ്പുള്ള വാട്‌സുയി എന്ന ഇനത്തില്‍ പെട്ട കാളയാണിത്. മറ്റ് കാളകളെ പോലെ ഇവയ്ക്ക് പിന്നില്‍ മുഴയില്ല. മധ്യ ആഫ്രിക്കയില്‍ കൂടുതലായി കാണപ്പെടുന്ന ബ്രീഡാണിത്. "കാളയുടെ കൊമ്പ് കണ്ട് ഭയമാകുന്നു', "ഇതിനെ എങ്ങനെ കാറില്‍ കയറ്റി' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകളാണ് വീഡിയോയെ തേടിയെത്തിയത്.