പ്രകൃതിയുടെ മായാജാലമായി "മഴവിൽ വെള്ളച്ചാട്ടം'! 1.39 കോടി പേരെ വിസ്മയിപ്പിച്ച അത്യപൂർവ ദൃശ്യം
വെബ് ഡെസ്ക്
Saturday, August 26, 2023 11:04 AM IST
"പഴകും തോറും വീഞ്ഞിന് വീര്യം കൂടും' എന്ന് കേൾക്കാത്തവരില്ല. വീഞ്ഞ് മാത്രമല്ല ചില കാഴ്ചകളും അങ്ങനെതന്നെയാണ്. പഴകും തോറും ദൃശ്യഭംഗിയുടെ വീര്യം കൂടും, അതും "നവ്യാനുഭവത്തിന്' കോട്ടമേതും തട്ടാതെ. ഇത്തരത്തിൽ 2017ൽ ഷൂട്ട് ചെയ്ത ഒരു വീഡിയോ സമൂഹ മാധ്യമത്തിൽ വീണ്ടും വൈറലായിരിക്കുകയാണ്.
യുഎസിലെ യോസ്മൈറ്റ് നാഷണൽ പാർക്കിലെ ഒരു വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യങ്ങളാണിത്. ഇരമ്പിയൊഴുകി വരുന്ന വെള്ളത്തിനോട് ചേർന്ന് മഞ്ഞുവീഴ്ച കണക്കെ ചെറുവെള്ളത്തുള്ളികൾ പാറിപ്പറക്കുമ്പോൾ അതിലേക്ക് സൂര്യപ്രകാശം പതിക്കുകയും മഴവിൽ നിറങ്ങൾ തെളിഞ്ഞ് വരികയുമാണ്.
ഏകദേശം 1,450 അടി താഴ്ചയിലേക്ക് വെള്ളം പതിക്കുമ്പോൾ അതിനൊത്ത നീളത്തിൽ ഈ മഴവില്ലും തെളിഞ്ഞ് വരുന്ന അത്ഭുതക്കാഴ്ച വീണ്ടും എക്സിൽ (ട്വിറ്റർ) വന്നപ്പോൾ 1.39 കോടി ആളുകൾ കാണുകയും രണ്ട് ലക്ഷത്തിലേറെ പേർ ലൈക്ക് ചെയ്യുകയുമുണ്ടായി.
സാൾട്ട് ലേക്ക് സ്വദേശിയായ ഗ്രെഗ് ഹാർലോ എന്ന ഫോട്ടോഗ്രാഫറാണ് ഈ മഴവിൽകാഴ്ചയുടെ വീഡിയോ പകർത്തിയത്. 2017 നവംബറിലെ ഒരു തണുത്ത വെളുപ്പാൻ കാലത്താണ് ഗ്രെഗ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
ഇതിന് മുൻപും ശേഷവും ഇതേ സ്ഥലത്ത് ഫോട്ടോയും വീഡിയോയും എടുക്കാൻ പലരും എത്തിയിട്ടുണ്ടെങ്കിലും ഇത്രയും ഹൃദയഹാരിയായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും നെറ്റിസൺസിനിടയിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു. 7.61 ലക്ഷം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ദേശീയ പാർക്കാണ് യോസ്മൈറ്റ്.
"അത്ഭുതകരമായ ദൃശ്യം', "വീഡിയോഗ്രാഫർക്ക് നന്ദി', "പ്രകൃതിയുടെ മായാജാലം', "കണ്ണുകളെ വിശ്വസിക്കാൻ സാധിക്കുന്നില്ല' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തിയിരുന്നു.
"ഉയർന്ന കാറ്റ് അതും കൃത്യ നേരത്ത്, അത് ഈ മഴവിൽ വെള്ളച്ചാട്ടത്തെ സൃഷ്ടിച്ചു' എന്ന ക്യാപ്ഷനോടെ നേചർ ഈസ് അമേസിംഗ് എന്ന പേജിലാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് വീഡിയോ വീണ്ടും എക്സിൽ പങ്കുവെച്ചത്.