വിമാനയാത്രികരുടെ കണ്ണുനിറച്ച വാക്കുകൾ! ഫ്ളൈറ്റ് അറ്റൻഡന്റായ അമ്മയ്ക്ക് അഭിമാനമായി പൈലറ്റ് മകൻ
വെബ് ഡെസ്ക്
Wednesday, August 23, 2023 10:47 AM IST
മക്കളെ വളർത്തുമ്പോൾ മാതാപിതാക്കളുടെ മനസിൽ ഒരു പ്രാർത്ഥന മാത്രമാണ് പ്രധാനമായും ഉണ്ടാവുക. അവർ ഉയരങ്ങളിലെത്തണം. എല്ലാവർക്കും മാതൃകയാകണം. അങ്ങനെ തന്‍റെ പൈതങ്ങൾ വളർന്ന് വലിയ നിലയിലെത്തുമ്പോൾ അവരോടൊപ്പം ജോലി ചെയ്യാൻ എത്ര പേർക്കാകും ഭാഗ്യമുണ്ടാകുക. വിരളമാകും അല്ലേ?
അങ്ങനെ അമ്മയ്ക്കൊപ്പം ജോലി ചെയ്യാൻ ഭാഗ്യം കിട്ടിയ മകന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. യുഎസിലെ യുണൈറ്റഡ് എയർലൈൻസിലെ പൈലറ്റായ കോൾ ഡോസ് വിമാനയാത്രികരെ സ്വാഗതം ചെയ്യുന്നതാണ് വീഡിയോയിൽ.
ഫ്ളൈറ്റ് അറ്റൻഡന്‍റുമാരെ പ്രശംസിക്കുകയും ആ വിഭാഗത്തിൽ തന്‍റെ അമ്മയുമുണ്ടെന്നും കോൾ പറയുന്നു. വ്യത്യസ്തയായ ഫ്ളൈറ്റ് അറ്റഡന്‍റ് മാത്രമല്ല വളരെ വ്യത്യസ്തയായ അമ്മയാണ് അവരെന്നും ഈ മകൻ സന്തോഷപൂർവം പറയുന്നു.
ഇത് കേട്ടയുടൻ വിമാനത്തിലിരുന്നവർ കൈയ്യടിച്ചു. അമ്മയോടൊപ്പം ആദ്യമായിട്ടാണ് ഒരേ ഫ്ളൈറ്റിൽ സേവനം ചെയ്യാൻ അവസരമൊരുങ്ങുന്നത്. എന്‍റെ ജീവിതത്തിലും പൈലറ്റ് ആകാനുള്ള പ്രയാണത്തിലും ഏറ്റവുമധികം പിന്തുണ നൽകിയ വ്യക്തി അമ്മയാണെന്ന് കോൾ പറയുന്നു. അമ്മയോടൊപ്പം ആദ്യമായി ജോലി ചെയ്യാൻ അവസരം കിട്ടിയതിൽ ഞാൻ ഏറെ ആഹ്ലാദിക്കുന്നുവെന്നും കോൾ വ്യക്തമാക്കി.
"നിങ്ങൾക്ക് ഉച്ചഭക്ഷണം പൊതിഞ്ഞ് തന്നയാൾ നിങ്ങളുടെ സഹപ്രവർത്തകയാകുമ്പോൾ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. യുണൈറ്റഡ് എന്ന് പേരുള്ള പേജിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 1.39 ലക്ഷം ആളുകൾ ഇതിന് ലൈക്ക് ചെയ്തിട്ടുമുണ്ട്.
"ഈ ദൃശ്യങ്ങൾ എന്‍റെ കണ്ണ് നിറയ്ക്കുന്നു', "ഭാഗ്യം ചെയ്ത അമ്മയും മകനും', "മക്കളായാൽ ഇങ്ങനെ വേണം' തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തി. ആ അമ്മയുടെ മനസ് നിറയാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്നായിരുന്നു ഒരാൾ കമന്‍റിട്ടത്. അമ്മ മകന് നൽകുന്ന പിന്തുണയെ പ്രശംസിക്കാനും നെറ്റിസൺസ് മറന്നില്ല.