അടിതെറ്റി ആറാംനിലയില്‍ നിന്നും കാറിലേക്ക്; എന്നിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് ഈ പൂച്ച
Thursday, June 1, 2023 12:32 PM IST
പൂച്ചകള്‍ മനുഷ്യരെ തൊട്ടുരുമ്മി അങ്ങനെ നടക്കാറാണല്ലൊ പതിവ്. സമൂഹ മാധ്യമങ്ങളില്‍ ഇവയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും ധാരാളം എത്താറുണ്ട്. അവയില്‍ ഒട്ടുമിക്കതും വെെറലാകാറുമുണ്ട്.
എന്നാല്‍ അടുത്തിടെ എഫ്ബിയില്‍ എത്തിയ ഒരു "പൂച്ചക്കാര്യം' നെറ്റിസണില്‍ ചര്‍ച്ചയായത് മറ്റൊരുകാരണത്താലാണ്. ആറ് നില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പിന് ജാലകത്തില്‍ ഇടിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഒരു പൂച്ചയാണ് ഈ ചര്‍ച്ചയ്ക്കാധാരം.
സംഭവം അങ്ങ് തായ്ലന്ഡിലെ ബാങ്കോക്കിലാണ്. ഒരു പൂച്ച തന്റെ ഉടമയ്ക്കൊപ്പം ആറാം നിലയിലൂടെ നടക്കുകയായിരുന്നു.എന്നാല്‍ അടിതെറ്റിയ അത് താഴേക്ക് വീണു. ആ വീഴ്ചയാകട്ടെ അപിവാട്ട് ടൊയോത്തക എന്നയാളുടെ കാറിന്റെ പുറത്തും.
8.5 കിലോഗ്രാം ഭാരം ഈ പൂച്ചയ്ക്ക് ഉണ്ടായിരുന്നത്രെ. പൂച്ച വീണപ്പോള്‍തന്നെ കാറിന്റെ പിറകിലത്തെ ഗ്ലാസ് തകര്‍ന്നുപോയി. പൂച്ചയുടെ ഉടമയും കാറിന്റെ ഉടമയും സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. ചില്ലുപൊട്ടിയതില് തനിക്ക് ദേഷ്യം തോന്നിയെങ്കിലും പൂച്ചയും ഉടമയും തമ്മിലുള്ള ബന്ധം കണ്ടപ്പോള്‍ തന്റെ ദേഷ്യം പോയെന്ന് ടൊയോത്തക കുറിച്ചു. എന്നാല്‍ പൂച്ചയുടെ ജീവന് പോകാഞ്ഞതില്‍ അവര്‍ സന്തോഷിച്ചു.
വീഴ്ചയില്‍ പൂച്ചയ്ക്ക് കുറച്ച് ചതവുകളുണ്ടായി. നഖങ്ങള്‍ ഒടിയുകയും മുഖത്ത് അല്പം പരിക്കുണ്ടാവുകയും ചെയ്തു. പക്ഷേ ജീവന് അപകടപ്പെടുത്തുന്ന പരിക്കുകളൊന്നുമില്ല.
എന്നാല്‍ ഈ സംഭവത്തോടെ പൂച്ചയുടെ ഉടമയ്ക്ക് പിഴ ലഭിച്ചു. കാരണം അവര്‍ താമസിക്കുന്നിടത്ത് പൂച്ചയെ വളര്‍ത്താന്‍ അനുമതിയില്ലായിരുന്നു. ഏതായാലും സംഭവം നെറ്റിസണില്‍ വെെറലായി. "വളര്‍ത്തുമൃഗങ്ങളെ ഓമനിക്കുന്നത് നല്ലതാണ്. എന്നാല്‍ അമിത ഭക്ഷണം അവയ്ക്ക് ആരോഗ്യപ്രശ്നം ഉണ്ടാക്കും എന്നത് മനസിലാക്കുക' എന്നാണൊരാള്‍ കുറിച്ചത്.