ഈ കടയുടമ 2,000 രൂപ നോട്ട് സ്വീകരിക്കാത്ത കാര്യം സ്വല്പം വ്യത്യസ്തമാണ്
Saturday, May 27, 2023 3:20 PM IST
2016ലെ നോട്ടു നിരോധനം ആര്‍ക്കും അങ്ങനെയങ്ങ് മറക്കാന്‍ സാധിക്കുന്ന ഒന്നല്ലല്ലൊ. അതുവരെ ഏറ്റവും വലിയവനെന്ന് കരുതിയിരുന്ന ആയിരം രൂപ ഒറ്റ പ്രഖ്യാപനത്തില്‍ വെറും കടലാസായി മാറി.
കൂട്ടത്തില്‍ 500 രൂപയും അങ്ങ് പോയി. പിന്നീട് ഏറെ കൊട്ടിഘോഷിച്ചെത്തിയ വലിയ ആളാണല്ലൊ 2,000. അക്കാലത്ത് ചിപ്പ്വരെ സ്വന്തമായി ഉണ്ടെന്നും പറഞ്ഞ് ആളുകളെ ഈ നോട്ട് ഞെട്ടിച്ചു.
എന്നാല്‍ ആറേഴ് വര്‍ഷത്തിനുശേഷം നമ്മുടെ 2,000 ഇല്ലാതാവുകയാണ്. അത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം സര്‍ക്കാര്‍ തലത്തില്‍നിന്നും എത്തിയിരുന്നല്ലൊ. ഈ സെപ്റ്റംബര്‍ 30നു ശേഷം 2,000 കടലാസ് മാത്രമായി മാറും.
ആളുകള്‍ മിക്കവരും തങ്ങളുടെ കൈയിലെ നോട്ട് ഒഴിവാക്കാനുള്ള തിടുക്കത്തിലാണ്. എന്നാല്‍ പല കടക്കാരും ഇപ്പോള്‍തന്നെ ഈ നോട്ടുകള്‍ എടുക്കാന്‍ തയാറാവുന്നില്ല. അതിനാല്‍തന്നെ പലയിടത്തും തര്‍ക്കങ്ങള്‍ സംഭവിക്കുന്നു.
അത്തരത്തിലുള്ള ഒരു കാര്യം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഒരു സ്ത്രീ ലേയ്സ് ചിപ്പ്സ് വാങ്ങി രണ്ടായിരത്തിന്റെ നോട്ട് നീട്ടിയതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്.
കടയുടമ ഒരുവിധത്തിലും ഈ നോട്ട് വാങ്ങാന്‍ തയാറായില്ല. അവര്‍ തര്ക്കിച്ചിട്ടും നിര്‍ബന്ധിച്ചിട്ടും അദ്ദേഹം വാങ്ങിയില്ല. നോട്ടിന് ഇനിയും തീയതിയുണ്ടല്ലൊ എന്നവര്‍ പറഞ്ഞപ്പോഴാണ് നോട്ട് വാങ്ങാത്തതിന്റെ യഥാര്‍ഥ കാരണം കടയുടമ പറഞ്ഞത്.
അക്കാരണം കേട്ട് നെറ്റിസണും ചിരിച്ചു. കാരണം ഈ സ്ത്രീ കൊടുത്ത നോട്ട് കീറിയതായിരുന്നു. അത് തനിക്കും മാറാന്‍ കഴിയില്ലെന്ന് കടയുടമ പറഞ്ഞു.
എന്തായാലും ഇത് സംബന്ധിച്ച് ട്വിറ്ററില്‍ എത്തിയ പോസ്റ്റ് വൈറലായി മാറി. നിരവധി രസകരമായ കമന്റുകള്‍ ലഭിക്കുകയുണ്ടായി. "ഹഹ... അവര്‍ പൂജ്യം കീറി 200 ന്റെ നോട്ട് ആക്കാഞ്ഞത് ഭാഗ്യം' എന്നാണൊരാള്‍ കുറിച്ചത്.