ഒന്നുകാല്‍ നീട്ടാന്‍ ഒന്നരക്കോടി; എടുത്തുചാട്ടമെന്ന് സോഷ്യല്‍ മീഡിയ
Saturday, May 6, 2023 11:23 AM IST
പശ്ചാത്യ രാജ്യങ്ങളില്‍ സൗന്ദര്യവര്‍ധനയ്ക്കും മറ്റുമായി ശരീരത്തില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തുന്നത് അത്ര പുതുമയല്ല. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ മറ്റു നാട്ടുകാര്‍ക്ക് കൗതുകമാണ് സമ്മാനിക്കുന്നത്.
പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അവര്‍ക്കരികിലേക്ക് വേഗത്തില്‍ എത്താറുണ്ടല്ലൊ. അവയില്‍ ചിലതിനോട് ഗുണപരമായും ചിലതില്‍ വിമര്‍ശനപരമായും നെറ്റിസണ് പ്രതികരിക്കാറുണ്ട്.
ഇപ്പോഴിതാ ശസ്ത്രക്രിയയിലൂടെ ശരീരത്തിന്റെ നീളം കൂട്ടിയ ജര്‍മനിയില്‍ നിന്നുള്ള ഒരു മോഡലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ജര്‍മന്‍ മോഡലായ തെരേസിയ ഫിഷര്‍ എന്ന യുവതിയാണ് ശസ്ത്രക്രിയയിലൂടെ കാലുകളുടെ നീളം കൂട്ടി ശ്രദ്ധനേടിയത്.
കാലില്‍ നിലവിലുള്ള എല്ലുകള്‍ പൊട്ടിച്ച് ലോഹദണ്ഡ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയയിലൂടെയാണ് യുവതി നീളം വര്‍ധിപ്പിച്ചത്. ഓപ്പറേഷനുശേഷം നീളം 14 സെന്റീമീറ്റർ (5.5 ഇഞ്ച്) വര്‍ധിച്ചത്രേ.
ഈ ശസ്ത്രക്രിയയ്ക്കായി ഏകദേശം 1,61,000 ഡോളറാണ് ( ഒന്നരക്കോടി രൂപ)യാണ് തെരേസിയ മുടക്കിയത്. തന്റെ നീണ്ട കാലുകള്‍ ബന്ധങ്ങളെ കൂടുതല്‍ മനോഹരമാക്കിയെന്നും ആത്മവിശ്വാസം വര്‍ധിച്ചെന്നും തെരേസിയ പറയുന്നു. ആറ് കാമുകന്മാര് പുതിയതായി ഉണ്ടായതത്രെ.
കാലുകള്‍ക്ക് നീളം കൂടിയതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്നും ഈ മുപ്പത്തൊന്നുകാരി പ്രതീക്ഷിക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മിക്കവരും ഇവരുടെ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയാണുണ്ടായത്. ഇത്തരത്തില്‍ പണം പാഴാക്കുന്നത് എന്തിനെന്നാണ് ചിലര്‍ ചോദിച്ചത്.
നെറ്റിസന്റെ വിമര്‍ശനം തനിക്ക് വിഷമമുണ്ടാക്കുന്നുണ്ടെന്ന് തെരേസിയ പറഞ്ഞു. എന്നാല്‍ തനിക്കിപ്പോള്‍ മാനസിക സന്തോഷമുണ്ടെന്നും ആളുകള്‍ അത് മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.