ചില ചലച്ചിത്രങ്ങളിലും ഹാസ്യ പരിപാടികളിലും കവികളെ തമാശവത്ക്കരിക്കുന്നത് കാണാറുണ്ടെങ്കിലും സാധാരണയായി കവികളെയും കലാകാരന്മാരെയും സമൂഹത്തിന്‍റെ മാറ്റത്തിനായി പ്രയത്നിക്കുന്നവരായിട്ടാണ് ആളുകള്‍ കാണാറുള്ളത്.

എന്നാല്‍ അടുത്തിടെ വന്നൊരു വാടക വീടിന്‍റെ പരസ്യമാണ് സമൂഹ മാധ്യമങ്ങളിലപ്പോള്‍ വൈറല്‍. കാരണം മറ്റൊന്നുമല്ല പരസ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് കവികള്‍ക്ക് അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് കൊടുക്കാന്‍ കഴിയില്ല എന്നാണ്. ഇംഗ്ലീഷ് ഭാഷയിലായിരുന്നു പരസ്യം വന്നത്.

"ഫര്‍ണിഷ് ചെയ്യാത്ത അപ്പാര്‍ട്ടുമെന്‍റുകള്‍ വാടകയ്ക്ക്. ഒരു കിടപ്പുമുറി അപ്പാര്‍ട്ട്മെന്‍റ്. എല്ലാ യൂട്ടിലിറ്റികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവികളില്ല. പുകവലിക്കരുത്. ലഭ്യമാണ്.’ എന്നിങ്ങനെ അര്‍ഥം വരുന്നതിന്‍റെ ഇംഗ്ലീഷ് പരസ്യവാചകം കണ്ട് പലരും ഒന്നു ഞെട്ടി.


പിന്നീടാണ് സംഗതിയുടെ രഹസ്യം എല്ലാവര്‍ക്കും പിടികിട്ടിയത്. വളര്‍ത്തുമൃഗങ്ങള്‍ പാടില്ല എന്നായിരുന്നു ഉടമ ഉദ്ദേശിച്ചത്. എന്നാല്‍ ഇംഗ്ലീഷില്‍ "പെറ്റ്സ്' എന്നെഴുതിയപ്പോള്‍ ഒരു ’ഒ’ കൂടിപ്പോയതാണ് പ്രശ്നമായത്. ഡോറി ജീന്‍ എന്ന ഒരാള്‍ തന്‍റെ ട്വിറ്ററില്‍ ഈ സംഭവം പങ്കുവച്ചിരുന്നു. ഏതായാലും രസകരമായ ഈ സംഗതി സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തുക്കഴിഞ്ഞു.