സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യർഥിച്ച ബിജു മേനോനെതിരെ സൈബർ ആക്രമണം; മറുപടിയുമായി ഗോകുൽ സുരേഷ്
Saturday, April 20, 2019 12:57 PM IST
ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യർത്ഥിച്ച നടൻ ബിജു മേനോന് സൈബർ ആക്രമണം. താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ് അസഭ്യവർഷം ചൊരിയുന്നത്.
കഴിഞ്ഞ ദിവസം തൃശൂർ ലുലു കണ്വെൻഷൻ സെന്ററിൽ സിനിമാ മേഖലയിലെ പ്രമുഖരടക്കം പങ്കെടുത്ത പരിപാടിയിലാണ് സുരേഷ് ഗോപിയെ പ്രശംസിച്ച് ബിജു മേനോൻ പ്രസംഗിച്ചത്. തൃശൂരിന് സുരേഷ് ഗോപിയെ ലഭിച്ചാൽ അത് ഭാഗ്യമാണെന്നും താരം പറഞ്ഞു.


തുടർന്നാണ് താരത്തിനു നേരെ സൈബർ ആക്രമണം ആരംഭിച്ചത്. നിങ്ങളുടെ പുതിയ സിനിമ ഇറങ്ങുമ്പോൾ കാണാൻ ആളുകൾ കയറില്ലെന്നും നിങ്ങളോടുള്ള ഇഷ്ടം കളയരുതെന്നുമുള്ള ഭീഷണിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലെ കമന്റ് ബോക്സിൽ നിറയുന്നത്.
എന്നാൽ ബിജു മേനോനെ പിന്തുണച്ച് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്, അജു വർഗീസ് തുടങ്ങിയവർ രംഗത്തെത്തിയിട്ടുണ്ട്. "ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ' എന്നാണ് ഗോകുൽ സുരേഷ് കുറിച്ചത്.