സ്വർണം നൽകിയാൽ പണം നൽകും; സൂപ്പറാണെന്ന് സോഷ്യൽ മീഡിയ
Thursday, April 24, 2025 2:04 PM IST
സ്വർണ വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. അതുകൊണ്ടു തന്നെ കയ്യിലിരിക്കുന്ന സ്വർണത്തെ വിറ്റോ, പണയം വെച്ചോ ഒക്കെ കാശാക്കി മാറ്റാനും പലരും ശ്രമിക്കുന്നുണ്ട്. പക്ഷേ, അതിന് സ്വർണക്കടയിലോ, ധനകാര്യ സ്ഥാപനങ്ങളിലോ പോകണം. എന്നാൽ, ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ചൈനയിൽ നിന്നുള്ള ഒരു വീഡിയോ വ്യക്തമാക്കുന്നത്.
സ്വർണം നൽകിയാൽ അത് ഉരുക്കി അതിനു പകരം പണം നൽകുന്ന എടിഎമ്മുമായാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. ഷാങ്ഹായിലെ ഗ്ലോബൽ ഹാർബർ ഷോപ്പിംഗ് മാളിലാണ് ഈ എടിഎം സ്ഥാപിച്ചിരിക്കുന്നത്. കിംഗ്ഹുഡ് ഗ്രൂപ്പാണ് ഈ സ്മാർട്ട് മെഷീൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
എന്തായലും സംഭവം ഇപ്പോഴെ വൈറലായി കഴിഞ്ഞു. ഒരു എടിഎം മെഷീൻ പോലെയാണിത്. അതിൽ ആദ്യം പണമാക്കി മാറ്റാനുദ്ദേശിക്കുന്ന സ്വർണം വെയ്ക്കണം. അതു കഴിയുന്പോൾ മെഷീൻ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കും. പിന്നെ തൂക്കി നോക്കി മൂല്യ നിർണയംനടത്തും. അതും പൂർത്തിയായാൽ ദാ കാശ് അക്കൗണ്ടിലേക്ക് എത്തിക്കഴിഞ്ഞു.
ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം ട്രാൻസ്ഫർ ചെയ്യുന്നത്. കുറഞ്ഞത് 50 ശതമാനം പരിശുദ്ധിയുള്ള മൂന്ന് ഗ്രാമിൽ കൂടുതലുള്ള സ്വർണമാണ് ഇത്തരം എടിഎമ്മിൽ സ്വീകരിക്കുന്നത്.
ആന്റി വാങ് എന്ന ഉപഭോക്താവാണ് വീഡിയോയിലൂടെ ഇത് പരിചയപ്പെടുത്തുന്നത്. അതിനായി അദ്ദേഹം തന്റെ 40 ഗ്രാം തൂക്കം വരുന്ന ഒരു മാല എടിഎം മെഷീനിൽ വച്ചുകൊണ്ടാണ് എടിഎമിന്റെ പ്രവർത്തനങ്ങൾ കാണിക്കുന്നത്.
മിന് 785 യുവാൻ അതായത് ഏകദേശം 9,170 രൂപ എന്നതാണ് നിരക്ക് കാണിക്കുന്നത്. അരമണിക്കൂറിനുള്ളിൽ ഇയാളുടെ അക്കൗണ്ടിലേക്ക് 36,000 യുവാൻ (ഏകദേശം 4.2 ലക്ഷം രൂപ) എത്തി.
എന്തായാലും സംഭവം വൈറലായതോടെ തങ്ങളുടെ രാജ്യത്തും ഇതുപോലൊരു മെഷീൻ വേണമെന്നാവശ്യപ്പെട്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. പക്ഷേ, ഇങ്ങനെ വിൽക്കുന്ന സ്വർണം മോഷ്ടിച്ചതാണെങ്കിലോ എന്നതാണ് മറ്റു ചിലരുടെ ആശങ്ക.