എന്റെ ഭർത്താവിനെ തൊടുന്നോ? ചീങ്കണ്ണിയ തിരിച്ച് ആക്രമിച്ച് ഭാര്യ; ഹീറോയെന്ന് പോലീസ്
Tuesday, April 15, 2025 9:13 AM IST
പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും അപകടം പറ്റിയാൽ സ്വന്തം ജീവൻ പോലും നോക്കാതെയാണ് പലരും ഇടപെടുന്നത്. ഭർത്താവിനെ വലിയൊരു അപകടത്തിൽ നിന്നും രക്ഷിച്ച ധൈര്യശാലിയായ ഭാര്യയാണ് സമൂഹമാധ്യമങ്ങളിൽ താരം.
ജോ, ഭാര്യ മരിയൻ റോസറും സൗത്ത് കരോലിനയിലെ ഒരു റിട്ടയർമെന്റ് ഹോമിലാണ് താമസിക്കുന്നത്. റിട്ടയർമെന്റ് ഹോമിന്റെ പൂന്തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. അപ്പോഴാണ് എട്ടര അടി നീളമുള്ള ഒരു ചീങ്കണ്ണി ജോയ്ക്ക് നേരെ എത്തിയത്. ആരും ഇങ്ങനെയൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നുള്ള ആക്രമണത്തിൽ എല്ലാരും പകച്ചു പോയി. പക്ഷേ, എഴുപതു വയസിലധികം പ്രായമുള്ള മരിയൻ സമയോചിതമായി ഇടപെട്ടു.
പൂന്തോട്ടത്തിലെ കുളത്തിനു സമീപം ജോലി ചെയ്യവേയാണ് ജോയുടെ കാലിൽ ചീങ്കണ്ണി കടിച്ചു വലിച്ചത്. ഇതു കണ്ട മരയിൻ തോട്ടത്തിലെ തക്കാളിച്ചെടികളെ താങ്ങി നിർത്തിയിരുന്ന മരക്കുറ്റി വലിച്ചെടുത്ത് ചീങ്കണ്ണിയെ ആക്രമിച്ചു. ചീങ്കണ്ണിയുടെ തലയിലും കണ്ണിലുമാണ് മരിയന്റെ ആക്രമണം ഏറ്റത്. തന്റെ ഭർത്താവിനെ രക്ഷിക്കാൻ എന്തും ചെയ്യാൻ ഒരുക്കമായിരുന്നുവെന്നാണ് മരിയൻ പിന്നീട് അഭിപ്രായപ്പെട്ടത്. എന്തായാലും സമയോചിതമായ ഇടപെടലിലൂടെ ജോയെ രക്ഷിച്ച മരിയനെ പോലീസ് ഹീറോയെന്നാണ് വിളിച്ചത്.