കോടതിയിൽ കേസ് വാദിക്കാന്‍ "എഐ അഭിഭാഷകൻ!'
Friday, April 11, 2025 12:19 PM IST
കോടതിയിൽ കേസ് വാദിക്കാൻ എഴുപത്തിനാലുകാരനായ ജെറോം ഡെവാൾഡിനായി ഹാജരായത് എഐ അഭിഭാഷകൻ. വാദം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ സംശയം തോന്നിയ വനിതാ ജഡ്ജി ഇതാരെന്നു തിരക്കിയപ്പോഴാണ് വക്കീൽ മനുഷ്യനല്ലെന്നു വ്യക്തമായത്. ഇതോടെ ദേഷ്യം കയറിയ ജഡ്ജി കേസ് നിർത്തിവച്ചു.
ന്യൂയോർക്കിലെ സ്റ്റേറ്റ് സുപ്രീം കോടതി അപ്പലേറ്റ് ഡിവിഷന്റെ ഫസ്റ്റ് ജുഡീഷൽ കോടതിയിലാണു രസകരമായ സംഭവം അരങ്ങേറിയത്. ഒരു തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ വേളയിലാണ് വാദിയായ ജെറോം ഡെവാൾഡ് നിർമിത ബുദ്ധി ഉപയോഗിച്ച് താൻ സൃഷ്ടിച്ച എഐ അവതാറുമായി എത്തിയത്. ജെറോമിന്റെ രൂപത്തോട് സാദൃശ്യമുള്ളതായിരുന്നു എഐ അഭിഭാഷകന്റെയും രൂപം. സംഭവം വിവാദമായതോടെ തന്റെ ഭാഗത്താണു തെറ്റെന്നു പറഞ്ഞ ജെറോം, കോടതിയോടും ജഡ്ജിമാരോടും ക്ഷമാപണം നടത്തിയതായും അറിയിച്ചു.
തന്റെ വാദങ്ങൾ കൃത്യതയോടും വ്യക്തതയോടും കൂടി അവതരിപ്പിക്കുന്നതിനാണ് അങ്ങനെയൊരു സൃഷ്ടി നടത്തിയതെന്നും കോടതിയെ വഞ്ചിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജെറോം കൂട്ടിച്ചേർത്തു. കോടതിയിൽ എഐ അഭിഭാഷകൻ ഹാജരായതിന്റെ വീഡിയോ, കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണു പുറത്തുവന്നത്.