ഓർഡർ ചെയ്തത് വെജ് ബിരിയാണി, കിട്ടിയത് ചിക്കൻ ബിരിയാണി; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
Wednesday, April 9, 2025 12:38 PM IST
വെജ് ബിരിയാണി ഓർഡർ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി ലഭിച്ച സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ. ഛായ ശർമ എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ശുദ്ധ വെജിറ്റേറിയനായ യുവതി, ഭക്ഷണവിതരണ ആപ്പായ സ്വിഗ്ഗി വഴിയാണ് വെജ് ബിരിയാണി ഓർഡർ ചെയ്തത്. വീട്ടിലെത്തിച്ച ബിരിയാണി കഴിച്ചുതുടങ്ങിയപ്പോൾ ചിക്കൻ കഷ്ണങ്ങൾ കാണുകയായിരുന്നു.
വ്രതാനുഷ്ടാനങ്ങൾ നടക്കുന്ന നവരാത്രി കാലത്തു നടന്ന ഈ സംഭവം യുവതി കരച്ചിലിന്റെ അകന്പടിയോടെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. വെജ് ബിരിയാണി ഓർഡർ ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടും ഇതോടൊപ്പമുണ്ടായിരുന്നു. 20 ലക്ഷത്തിലേറെ പേരാണു വീഡിയോ കണ്ടത്. പരാതി പറയാന്‍ റസ്റ്ററന്റിലേക്ക് വിളിച്ചെങ്കിലും അപ്പോഴേക്കും റസ്റ്ററന്റ് അടച്ചിരുന്നുവെന്നും ഫോണിന് ആരും മറുപടി നല്‍കിയില്ലെന്നും യുവതി പറയുന്നു.
വീഡിയോ വൈറലായതിനു പിന്നാലെ നോയിഡ പോലീസ് സ്വമേധയാ കേസെടുക്കുകയും റസ്റ്ററന്റ് ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോണ്‍വെജ് ഹോട്ടലില്‍നിന്നു വെജ് ബിരിയാണി ഓര്‍ഡർ ചെയ്ത യുവതിക്കാണ് തെറ്റ് സംഭവിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ചിലരുടെ കമന്റ്.