ചീങ്കണ്ണിയുടെ വായിൽ നിന്നും നായയെ രക്ഷിച്ച് യുവതി
Monday, April 7, 2025 3:01 PM IST
വളർത്തു മൃഗങ്ങൾ പലർക്കും ഓമനകളാണ്. അവർക്ക് എന്തെങ്കിലും പരിക്കു പറ്റിയാൽ ഉടമകൾക്ക് സഹിക്കില്ല. അവരെന്തെങ്കിലും അപകടത്തിൽപ്പെട്ടാൽ സ്വന്തം ജീവൻ പണയപ്പെടുത്തിവരെ വളർത്തു മൃഗങ്ങളെ രക്ഷിക്കും.
ഫ്ളോറിഡയിൽ ഇതാ സമാനമായ ഒരു സംഭവം. കിം സ്പെൻസർ എന്ന യുവതിയാണ് തന്റെ വളർത്തു നായയെ ചീങ്കണ്ണിയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്. ടാമ്പയിലെ ഒരു തടാകക്കരയിൽ കോനയെന്ന നായയെകൂട്ടി രാത്രിയിൽ നടക്കാൻ പോയതായിരുന്നു യുവതി. അപ്പോഴാണ് ആറടി നീളമുള്ള ഒരു ചീങ്കണ്ണി നായയ്ക്കു നേരെ വന്നത്.
അങ്ങനെയൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ നായയെ പെട്ടന്ന് വായിലാക്കാൻ ചീങ്കണ്ണിക്ക് കഴിഞ്ഞു. പക്ഷേ, തന്റെ നായയെ അങ്ങനെ വിട്ടു കൊടുക്കാൻ കിം ഒരുക്കമായിരുന്നില്ല. അവൾ ചീങ്കണ്ണിയുടെ വായയിൽ നിന്നും നായയെ അതിസാഹസികമായി രക്ഷിച്ചു.
നായയെ ആക്രമിച്ചു എന്ന മനസിലായതും യുവതി ചീങ്കണ്ണിയുടെ നേർക്ക് തിരിഞ്ഞു. ചീങ്കണ്ണിയുടെ വായ വലിച്ചു തുറന്ന് നായയെ പുറത്തെടുത്തു. ഭാഗ്യം കൊണ്ടാണ് താനും തന്റെ അരുമയായ നായയും ചീങ്കണ്ണിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നാണ് യുവതി പറഞ്ഞത്.
എന്തായാലും, കോനയും കിമ്മും പരിക്ക് കൂടാതെ രക്ഷപ്പെട്ടു. അധ്യാപകയാണ് കിം. തന്റെ പ്രിയപ്പെട്ട നായയെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് അവർ പറഞ്ഞത്.