എന്റെ പോളിയെ വേദനിപ്പിക്കല്ലേ; മുൻകാമുകിയുടെ കോഴിയെ മോഷ്ടിച്ച് കുറ്റിക്കാട്ടിലിരുന്നു കരഞ്ഞ് യുവാവ്
Saturday, April 5, 2025 10:05 AM IST
പ്രണയബന്ധത്തിൽ നിന്നും പിന്മാറുന്പോൾ പരസ്പരം ശത്രുക്കളായിമാറുന്നവരെയും നിരന്തരമായി ഉപദ്രവിക്കുന്നവരെയുമൊക്കെ കാണാറുണ്ടല്ലേ. ചിലരാകട്ടെ നല്ല സുഹൃത്തുക്കളായിതീരും. പക്ഷേ, ഇവിടെ സ്ഥിതി അൽപ്പം വിചിത്രമാണ്.യുവാവിന് മുൻാമുകിയെയൊന്നുമല്ല ആവശ്യം അവളുടെ വീട്ടിലെ കോഴിയെയാണ്.
ആ കോഴിയോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അവൻ വലിയൊരു സാഹസം തന്നെ ചെതിരിക്കുകയാണ്. അമേരിക്കയിലെ വാഷിംഗ്ടണിലെ കിറ്റ്സ് കൗണ്ടിയിലാണ് സംഭവം. യുവാവും യുവതിയും നേരത്തെ കാമുകീ കാമുകന്മാരായിരുന്നു. പിന്നീടെപ്പോഴോ പിരിഞ്ഞു. യുവാവിന് യുവതിയുടെ വീട്ടിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അപ്പോഴാണ് ഈ പൊല്ലാപ്പ്.
യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് എന്റെ പോളിയെവിടെ എന്നു ചോദിച്ചുകൊണ്ടാണ് അകത്തു കേറുന്നത്. പോളി കേഴിയുടെ പേരാണ്. കോഴിയെയും കൊണ്ട് നേരെ കുറ്റിക്കാട്ടിലേക്ക് പോയ യുവാവ് അവിടെ കോഴിയെയും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.
യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്. പോലീസിനോട് എന്റെ പോളിയെ വേദനിപ്പിക്കല്ലേ എന്നു മാത്രമായിരുന്നു യുവാവിന്റെ ആവശ്യം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഷണത്തിനും അതിക്രമിച്ചു കയറിയതിനുമാണ് യുവാവിനെതിരെ കേസ്. കോഴിയെ ഉടമയ്ക്ക് തിരികെ നൽകി.