പോർഷെ' കാര്‍ ഉടമ ആയിട്ടെന്താ? പെട്രോൾ കാശ് കൊടുക്കണ്ടേ..!
Saturday, March 29, 2025 2:17 PM IST
ആഡംബര കാറുകളിൽ മുൻനിരയിലാണു "പോർഷെ' കാറുകളുടെ സ്ഥാനം. കോടീശ്വരന്മാരുടെ അഭിമാനച്ചിഹ്നം കൂടിയായ ഈ കാറിന് രണ്ടു കോടിയോളം രൂപയാണു വില. എന്നാൽ, പോർഷെ കാർ ഉടമകളെയാകെ നാണംകെടുത്തിയ സംഭവം അടുത്തിടെ ചൈനയിൽ ഉണ്ടായി.
പെട്രോൾ പമ്പിലെത്തി ആറായിരം രൂപയ്ക്ക് പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ പോര്‍ഷെ ഉടമ കടന്നുകളയുകയായിരുന്നു. ഒടുവില്‍ ചൈനീസ് പോലീസ് ഇയാളെ പിടികൂടി. തിരക്കുള്ള സമയത്താണ് പോര്‍ഷെ കാര്‍ പെട്രോൾ അടിക്കാനായി പന്പിൽ എത്തിയത്. പെട്രോൾ അടിച്ചശേഷം പന്പ് ജീവനക്കാരനായ സോങ് പണം വാങ്ങാൻ ശ്രമിക്കുന്നതിനിടെ കാറുമായി ഉടമ സ്ഥലംവിടുകയായിരുന്നു.
കൈയിൽനിന്നു പണം പന്പിലേക്ക് അടയ്ക്കേണ്ടിവന്ന സോങ്, പോര്‍ഷെ ഉടമയെ വെറുതെവിടാന്‍ തയാറായില്ല. സിസിടിവിയിൽനിന്നു കാറിന്റെ ദൃശ്യങ്ങളെടുത്തു ചൈനീസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. പെട്രോൾ അടിക്കുന്നതും പണം നൽകാതെ പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.
വീഡിയോ കണ്ടവർ പോർഷെ ഉടമയെ ട്രോളി കൊല്ലാക്കൊലചെയ്തതിനു പുറമെ പോലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി. നാലാംപക്കം പോർഷെ ഉടമയെ കണ്ടെത്തി പോലീസ് നടപടി സ്വീകരിച്ചെന്നു സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.