ഇതാണ് ആ പോലീസ് ഗായിക
സീമ മോഹന്‍ലാല്‍
Saturday, March 29, 2025 9:30 AM IST
"പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി'.... പോലീസ് വാഹനത്തില്‍ യൂണിഫോമില്‍നിന്ന് ഈ പാട്ടുപാടുന്ന പോലീസുകാരി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജോലിക്കിടയിലെ വിശ്രമവേളയില്‍ പാടിയ പാട്ട് ഇത്രയും വൈറലാകുമെന്ന് മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറായ നിമി രാധാകൃഷ്ണന് ഒരിക്കലും ചിന്തിച്ചു കാണില്ല.
ഒറ്റപ്പാലം ചെനക്കത്തൂര്‍ പൂരം ഡ്യൂട്ടിയുടെ ഒഴിവുവേളയിലാണ് നിമി അതിമനോഹരമായി ഈ ഗാനം പാടിയത്. വീഡിയോ വൈറലായതോടെ കാക്കിക്കുള്ളിലെ ഈ കലാകാരിക്ക് അഭിനന്ദനവുമായി ഗായകരായ ഉണ്ണിമേനോനും സിത്താര കൃഷ്ണകുമാറും ഉള്‍പ്പെടെ നിരവധിപ്പേരാണ് രംഗത്ത് എത്തിയത്. നിമി രാധാകൃഷ്ണന്റെ വിശേഷങ്ങളിലേക്ക്...
ഡ്യൂട്ടിക്കിടയിലെ പാട്ട്
ഇക്കഴിഞ്ഞ മാര്‍ച്ച് 12 നായിരുന്നു പാലക്കാട് ഒറ്റപ്പാലം ചെനക്കത്തൂര്‍ പൂരം. രാവിലെ ബ്രീഫിംഗ് കഴിഞ്ഞ് ഭക്ഷണം കഴിച്ച ശേഷം ഡ്യൂട്ടി പോയിന്റില്‍ എത്താന്‍ ഞങ്ങള്‍ക്ക് നിര്‍ദേശം കിട്ടി. ഭക്ഷണം ലഭിക്കാന്‍ താമസം ഉണ്ടെന്ന് അറിഞ്ഞ് ഞങ്ങള്‍ വന്ന എആര്‍ ക്യാമ്പിന്റെ വണ്ടിയിലേക്ക് തന്നെ തിരിച്ചെത്തി. പുറത്താണെങ്കില്‍ നല്ല പൊടിയും ചൂടും.
ആ വാഹനത്തില്‍ മലപ്പുറം ജില്ലയില്‍നിന്ന് വനിതയായിട്ട് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടത്തിലുള്ളവരില്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ അനീഷ് ചാക്കോയ്ക്ക് ഞാന്‍ പാടുമെന്ന് അറിയാമായിരുന്നു. മുമ്പൊരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ ഞാന്‍ മലപ്പുറം ജില്ലാ കലോത്സവത്തിന്റെ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. അനീഷ് സാറാണ് ഒരു പാട്ടുപാടിക്കൂടെഎന്ന് ചോദിച്ചത്. കൂടെയുള്ളവരും പ്രോത്സാഹിപ്പിച്ചു. എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണിത്. അങ്ങനെ പാടി.
കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഷെബീര്‍ സാര്‍ സെല്‍ഫി മോഡില്‍ ആ വണ്‍ മിനിറ്റ് വീഡിയോ എടുത്തു. പാട്ടു കേട്ടിട്ട് എല്ലാവരും അനുമോദിച്ചു. അതിനുശേഷം ഭക്ഷണം കഴിച്ച് ഞങ്ങളെല്ലാവരും ഡ്യൂട്ടി പോയിന്റിലേക്ക് പോയി. വൈകിട്ടായപ്പോള്‍ ആ വീഡിയോ സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തോട്ടെയെന്ന് ഷെബീര്‍ സാര്‍ ചോദിച്ചു. അപ്പോഴും ഇത്രയും വൈറലാകുമെന്ന് ഞാന്‍ കരുതിയില്ല.
അഭിനന്ദനവുമായി ഉണ്ണിമേനോനും സിത്താര കൃഷ്ണകുമാറും
വീഡിയോ വൈറലായതോടെ, പാട്ട് ആസ്വദിച്ച് വാഹനത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ പോലെ തന്നെ നിരവധിപ്പേരാണ് അഭിനന്ദനവുമായി എത്തിയത്. അതില്‍ ഗായകരായ ഉണ്ണിമേനോനും സിത്താര കൃഷ്ണകുമാറും ഉണ്ടെന്നുള്ളത് നിമിക്ക് ഇരട്ടി സന്തോഷം നല്കുന്നു. കലാഭവന്‍ മണി ഫൗണ്ടേഷന്റെ പേജില്‍ ഇതുവരെ പത്തു ലക്ഷം പേരാണ് ഈ പാട്ട് ആസ്വദിച്ചത്. പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ധാരാളം പേര് നിമിയെ വിളിച്ച് അഭിനന്ദിച്ചു.
സ്കൂള്‍ കലോത്സവങ്ങളിലെ കലാതിലകം
സംഗീതവും നൃത്തവുമൊക്കെ കുട്ടിക്കാലം മുതലേ നിമിക്കൊപ്പമുണ്ട്. തിരുവനന്തപുരം ശൈലതീര്ഥം വീട്ടില്‍ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന് - റിട്ട. അധ്യാപിക ഷൈലജ ദമ്പതികളുടെ മൂത്ത മകളായ നിമിക്ക് കുട്ടിക്കാലം മുതല്‍ കലയോട് താല്പര്യമുണ്ടായിരുന്നു.
മൂന്നര വയസില്‍ കൈതപ്രം വിശ്വനാഥന്റെ കീഴില്‍ ശാസ്ത്രീയ സംഗീതം പഠിച്ചു തുടങ്ങി. 12 വയസുവരെ ആ പഠനം തുടര്‍ന്നു.
ഇതിനിടയില്‍ കലാമണ്ഡലം കണ്ണൂര്‍ ലതയുടെ ശിക്ഷണത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, വിവാസ് മാസ്റ്ററുടെ കീഴില്‍ നാടോടി നൃത്തം, സുകുമാരന്‍ മാഷിന്റെ മേല്‍നോട്ടത്തില്‍ ഓട്ടന്തുള്ളല്, ആന്ധ്ര ഹനുമന്ദ റാവുവിന്റെ ശിക്ഷണത്തില്‍ കുച്ചുപ്പുടി എന്നിവയും അഭ്യസിച്ചു.
സ്കൂള്‍ കലോത്സവങ്ങളില്‍ മൂന്നു പ്രാവശ്യം കണ്ണൂര്‍ ജില്ലയിലും രണ്ടു തവണ തിരുവനന്തപുരം ജില്ലയിലും നിമി സബ് ജില്ല കലാതിലകമായി. മാപ്പിളപ്പാട്ട്, മലയാളം പദ്യം ചൊല്ലല്‍, തമിഴ് പദ്യം ചൊല്ലല്‍, അറബി പദ്യം ചൊല്ലല്‍, കഥകളി സംഗീതം, കഥാപ്രസംഗം, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിലായിരുന്നു നിമി പങ്കെടുത്ത് വിജയിച്ചിരുന്നത്.
സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ നടക്കുന്ന സമയത്ത് മികച്ച ഐറ്റം എന്നു തോന്നുന്ന കവിതകളും മാപ്പിളപ്പാട്ടും ലളിതഗാനവുമൊക്കെ അവിടെ നിന്ന് ചെറിയ ടേപ്പ് റിക്കാര്‍ഡില്‍ റിക്കാര്‍ഡ് ചെയ്തുകൊണ്ടുവന്ന് അമ്മ ഷൈലജ മകളെ പഠിപ്പിക്കുമായിരുന്നു.
പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് തിരുവനന്തപുരം ജില്ലാകലോത്സവത്തിലും നിമി കലാതിലകമായി. തുടര്‍ന്ന് തിരുവനന്തപുരം കോസ്മോപൊളിറ്റന്‍ ആശുപത്രിയില്‍നിന്ന് നഴ്സിംഗ് ബിരുദം നേടി. നഴ്സിംഗിന് പഠിക്കുമ്പോള്‍ സൗത്ത് സോണ്‍ കലോത്സവത്തിലും കലാതിലകമായി.
ജനമൈത്രി ഓര്‍ക്കെസ്ട്രയിലെ ഗായിക
2016 മുതല്‍ നിമി രാധാകൃഷ്ണന് പോലീസ് സേനയുടെ ഭാഗമാണ്. തിരുവനന്തപുരം എസ്എപിയിലെ ഹവില്‍ദാര്‍ ആയ നിമി 2018 ല്‍ തിരുവനന്തപുരം പോലീസ് കലാമേളയില്‍ മോഹിനിയാട്ടം, മാപ്പിളപ്പാട്ട് എന്നിവയ്ക്ക് ഒന്നാം സ്ഥാനവും ലളിതഗാനത്തിന് രണ്ടാം സ്ഥാനവും നേടി. 2020 ല്‍ കോവിഡ് കാലത്ത് എഡിജിപി എസ്. ശ്രീജിത്ത് സംസ്ഥാനത്തെ ഗായകരായ പോലീസ് ഉദ്യോഗസ്ഥരെ ഒരുമിപ്പിച്ച് രൂപീകരിച്ച ജനമൈത്രി ഓര്‍ക്കെസ്ട്രയിലെ ഗായികയായിരുന്നു നിമി.
ലോക്ഡൗണ്‍ നാളുകളില്‍ ഒറ്റുപ്പെട്ടുപോയവര്ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി ഫ്ളാറ്റുകളിലും മറ്റുമായി ഈ ട്രൂപ്പ് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. രണ്ടര വര്‍ഷം സജീവമായിരുന്ന ഈ ട്രൂപ്പിന്റെ പ്രവര്‍ത്തനം എഡിജിപി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റതോടെ നിലച്ചു.
ഭര്‍ത്താവ് കൊണ്ടോട്ടിയില്‍ എക്സൈസ് ഓഫീസറായ അനന്തു സുരേഷിന്റെയും എട്ടാം ക്ലാസുകാരിയായ മകള്‍ തീര്ഥയുടെയും കട്ട സപ്പോർട്ട് തനിക്കുണ്ടെന്ന് നിമി രാധാകൃഷ്ണന് പറഞ്ഞു. ഭര്‍ത്താവിന്റെ ജോലിയുടെ ഭാഗമായാണ് നാലു മാസം മുമ്പ് നിമി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. കിട്ടുന്ന സമയത്തൊക്കെ നൃത്തവും പാട്ടും പ്രാക്ടീസ് ചെയ്യാറുണ്ട്. ജോലിയെ ബാധിക്കാത്ത വിധത്തില്‍ രണ്ടും കൊണ്ടുപോകാനാണ് തനിക്ക് ഇഷ്ടമെന്നു നിമി പറഞ്ഞു.