എനിക്കറിയാൻ പാടില്ല സാറേ ഇതെവിടുന്ന് വന്നെന്ന്; ജ്യൂസ് വില്പനക്കാരന് 7.79 കോടിയുടെ ആദായ നികുതി നോട്ടീസ്
Friday, March 28, 2025 3:12 PM IST
ഉത്തർപ്രദേശിലെ അലിഗഡിൽ ചെറിയൊരു ജ്യൂസ് കട നടത്തുകയാണ് മുഹമ്മദ് റയീസ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊരു നോട്ടീസ് കിട്ടി. അതു പൊട്ടിച്ചു നോക്കിയ അദ്ദേഹം ഞെട്ടി. കൈയിലിരിക്കുന്നത് ആദായ നികുതി വകുപ്പിന്റെ 7 കോടി 79 ലക്ഷം രൂപയുടെ നോട്ടീസ്.
ഇത് കണ്ട് അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ കടുംബം മൊത്തം ഞെട്ടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാൻ കാർഡ് ഉപയോഗിച്ച് മൊത്തം 7.79 കോടി രൂപയുടെ ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ട് ഇതിനു പിന്നാലെയാണ് ആദായ നികുതി നോട്ടീസ് വന്നത്.
സരായ് റഹ്മാനിലെ താർ വാലി ഗാലിയിൽ താമസിക്കുന്ന റയീസ് ദിവാനി കച്ചേരിയിൽ ഒരു ജ്യൂസ് കട നടത്തുകയാണ്. വൻതോതിലുള്ള വാങ്ങലും വില്പനയും കണക്കിലെടുത്താണ് ആദായനികുതി വകുപ്പിന്റെ സെക്ഷൻ 3 ൽ നിന്നുള്ള ഐടിഒ നൈൻ സിംഗ് നോട്ടീസ് നൽകിയത്.
ഗണ്യമായ വിറ്റുവരവ് കണക്കിലെടുത്ത് റയീസ് റിട്ടേൺ സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഐടിഒ നയിൻ സിംഗ് പറയുന്നതനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിലെ 7.79 കോടി രൂപയുടെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ റയീസിന്റെ പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ആദായനികുതി വകുപ്പിന്റെ സെർവറിൽ നിന്ന് വീണ്ടെടുത്തതാണ് നോട്ടീസയക്കാൻ കാരണമായത്.
പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ റയീസിന്റെ പാൻ കാർഡ് ദുരുപയോഗം ചെയ്തതായി ആദായനികുതി വകുപ്പ് സൂചന നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചതിനെത്തുടർന്ന്, നിരാശനായ ജ്യൂസ് വിൽപ്പനക്കാരൻ തന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വഴി ആദായനികുതി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ചട്ടങ്ങൾക്കനുസൃതമായാണ് പാൻ കാർഡ് ഉപയോഗിച്ചതെന്നും മറുപടി ആവശ്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട കക്ഷിക്കെതിരെ വഞ്ചനയ്ക്കു കേസ് ഫയൽ ചെയ്യണമെന്നും നിർദ്ദേശിച്ചു.