അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം, നിധീഷിന്റെ ഐഡിയ വീണ്ടും ക്ലിക്ക്; 112 ലേക്ക് ഫോണ്‍ കോള്‍ പ്രവാഹം
സീമ മോഹന്‍ലാല്‍
Thursday, March 27, 2025 12:32 PM IST
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന് തിയറ്ററുകളില്‍ എത്തിയ ദിവസം തന്നെ കേരള പോലീസും എന്പുരാന് വൈബിലാണ്. "അതിപ്പോ "ഖുറേഷി അബ്രാം' ആണേലും വിളിക്കാം എന്ന വാചകവുമായി മോഹന്‍ലാല്‍ ചിത്രത്തോടെ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പോസ്റ്റര്‍ കണ്ട് രാവിലെ മുതല്‍ 112 ലേക്ക് ഫോണ്‍ കോള്‍ പ്രവാഹമാണ്.
കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ ഡിജിറ്റര്‍ ക്രിയേറ്റര്‍ സി.നിധീഷിന്റെ ഐഡിയയാണ് വീണ്ടും ക്ലിക്കായിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഘട്ടങ്ങളില്‍ പോലീസിന്റെ പിന്തുണ തേടുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയായ ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം)ന്റെ പ്രചരണാര്‍ഥമാണ് എമ്പുരാന്റെ പോസ്റ്റര്‍ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ പോസ്റ്റര്‍ പോസ്റ്റ് ചെയ്ത ശേഷം 112 ലേക്ക് ഇടതടവില്ലാതെ ഫോണ്‍കോളുകള്‍ എത്തുകയാണ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാകട്ടെ ലൈക്കും കമന്റും ഷെയറും നിറയുകയാണ്. ചിത്രത്തെക്കുറിച്ചും താരങ്ങളുടെ വിശേഷങ്ങള്‍ ചോദിച്ചും വിളിക്കുന്നവരും കുറവല്ല.
ബേസിലിനെ എയറിലാക്കിയ പോസ്റ്റും നിധീഷിന്റേതു തന്നെ
2024 നവംബര്‍ 14 ന് നിധീഷിന്റെ ബുദ്ധിയില്‍ ഉദിച്ച ഒരു ഐഡിയയും വൈറലായിരുന്നു. കോഴിക്കോട് ഇ എം എസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന് ബേസില്‍ ജോസഫിനെ എയറിലാക്കിയ പോസ്റ്റ് വളരെ രസകരമായാണ് നിധീഷ് പോലീസ് പോസ്റ്റാക്കിയത്.
കാലിക്കറ്റ് എഫ്സിഫോഴ്സ കൊച്ചി മത്സരം കാണുന്നതിന് ഫോര്‍സ കൊച്ചിയുടെ ഉടമസ്ഥനായ നടനും സംവിധായകനുമായ പൃഥ്വിരാജും കാലിക്കറ്റ് എഫ്സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങിയിരുന്നു.
ഇതിന്റെ വീഡിയോ ദ്രുതഗതിയിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ബേസിലിനെ ട്രോളി നടന് ടൊവിനോ തോമസും ക്രിക്കറ്റ് താരം സഞ്ജു സാംസണും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പോലീസും സംഭവം ഏറ്റെടുത്തത്.പോസ്റ്ററില്‍ പൃഥ്വിരാജിനെ ചിരി ഹെല്പ് ലൈനായും ബേസിലിനെ മാനസിക സമ്മര്‍ദവുമായാണ് പോലീസ് അവതരിപ്പിച്ചത്. ബേസിലിന് കൈകൊടുക്കാതെ മടങ്ങിയ കളിക്കാരനെയാകട്ടെ കുട്ടികള്‍ എന്ന നിലയിലും അവതരിപ്പിച്ചു.
നിമിഷ നേരം കൊണ്ടാണ് കേരള പോലീസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'നമ്മളായിട്ട് ആരെയും ഒഴിവാക്കില്ല, സേവനം ആവശ്യമായവര്‍ക്ക് വിളിക്കാം' എന്ന കമന്റും കേരള പോലീസ് പോസ്റ്റിന് താഴെ നല്കി. പോസ്റ്റ് വൈറലായതും പെട്ടെന്നായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി കേരള പോലീസിന്റെ ഭാഗമാണ് നെയ്യാറ്റിന്‍കര സ്വദേശിയായ സി. നിധീഷ് തയാറാക്കിയ പല പോസ്റ്ററുകളും ഇതിനകം വൈറലായിട്ടുണ്ട്.
112 ലേക്ക് വിളിക്കാം
പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഘട്ടങ്ങളില്‍ പോലീസിന്റെ പിന്തുണ തേടുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് ഇആര്‍എസ്എസ് (അടിയന്തര പ്രതികരണ സംവിധാനം). ഇതിനായി 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റം (ദേശീയ അടിയന്തര പ്രതികരണ പദ്ധതി) എന്നിവയ്ക്കു കീഴിലായി രാജ്യത്തെ നിലവിലുള്ള എല്ലാ അടിയന്തര സഹായ നമ്പറുകളും 112 എന്ന ഒറ്റ ടോള്‍ഫ്രീ നമ്പറിലേക്ക് സംയോജിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
112 ലേക്ക് പൗരന്മാരില് നിന്നും ലഭിക്കുന്ന ശബ്ദ സന്ദേശങ്ങള്‍, എസ്എംഎസുകള്‍, ഇ-മെയില്‍, പാനിക് എസ്ഒഎസ് സന്ദേശങ്ങള്‍, വെബ് അപേക്ഷകര്‍ എന്നിങ്ങനെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ലഭിക്കുന്ന വിവിധ സന്ദേശങ്ങള്‍ എത്രയും വേഗം സ്വീകരിച്ച് സാധ്യമായ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇആര്എസ്എസിന് രൂപം നല്‍കിയിരിക്കുന്നത്.