സ്ത്രീകളെ ചുമന്ന് പടികയറ്റും; വരുമാനം ലക്ഷങ്ങൾ
Saturday, March 22, 2025 12:57 PM IST
വലിയ കുന്നും മലയുമൊക്കെ കേറേണ്ടി വന്നാൽ ആരെങ്കിലുമൊന്നു സഹായിച്ചിരുന്നെങ്കിലെന്നു ചിന്തിക്കുന്നവരാണ് പലരും. ഒരുപാട് നടന്നു മടുത്തു കഴിയുന്പോൾ ആരെങ്കിലും എടുത്തൊന്നു കയറ്റി വിട്ടിരുന്നെങ്കിലെന്നു ചിന്തിക്കുന്നവരുമുണ്ട്. ചൈനയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇങ്ങനെ എടുത്തു കയറ്റാൻ ആളുണ്ടന്നേ.
അയാൾ അതൊരു തൊഴിലായി ചെയ്യുകയാണ്. അങ്ങനെ അയാൾ സന്പാദിക്കുന്ന തുകയോ 36 ലക്ഷവും. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ മൗണ്ട് തായ് എന്ന സ്ഥലത്താണ് 26 കാരനായ സിയാവോ ചെൻ ജോലി ചെയ്യുന്നത്. ഈ മലയുടെ മുകളിൽ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് കൂടിയായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിമുണ്ട് അവിടേക്കാണ് യുവാവ് സ്ത്രീകളെയും കുട്ടികളെയും ചുമന്നു കയറ്റുന്നത്. ഈ കേന്ദ്രത്തിലേക്കെത്താൻ 1,000 പടികൾ കയറണം. ആ പടികളാണ് യുവാവ് എടുത്ത് കയറ്റുന്നത്.
യാത്ര ആരംഭിക്കുന്പോൾ ചെൻ യാത്രക്കാരുടെ കൈപിടിച്ച് സഹായം തേടി എത്തുന്നവരുടെ കൈകൾ പിടിച്ച് സ്റ്റെപ്പുകൾ കയറാൻ സഹായിക്കും. അവരു മടുക്കുന്പോഴാണ് അവരെ തോളിൽ ചുമന്ന് പടികൾ കയറുന്നത്. പകൽ യാത്രയ്ക്ക് 7,000 രൂപ വരെയും രാത്രിയിലെ യാത്രയ്ക്ക് 4,600 രൂപ വരെയുമാണ് ചെൻ ഈടാക്കുന്നത്.
ഈ1,000 പടികൾ കയറാൻ അദ്ദേഹത്തിന് വേണ്ടത് അര മണിക്കൂർ സമയമാണ്. എന്തായാലും ഈ സഹായം തേടി നിരവധി ആളുകൾ എത്തുന്നുണ്ട്. പ്രത്യേകിച്ചും 25 നും 40 നും ഇടയിലുള്ള സ്ത്രീകളാണ് ഈ സഹായം തേടുന്നത്. സംഭവത്തിന് ഡിമാൻഡ് കൂടിയതോടെ ഒരു ടീം തന്നെ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ചെൻ.