ഈ ഡോക്ടർമാർക്ക് ഒന്നുമറിയില്ല! എന്നെ ശസ്ത്രക്രിയ ചെയ്യാൻ ഒരുത്തന്റേയും സഹായം ആവശ്യമില്ല ഞാൻ തന്നെ ചെയ്തോളാം
Friday, March 21, 2025 2:51 PM IST
വയറു വേദന സഹിക്കുന്നതിനും പരിധിയില്ലേ. എത്ര തവണ ഡോക്ടറെ കണ്ടു. എത്ര മരുന്നു കഴിച്ചു. ഇനിയും കുറയുന്നില്ലല്ലോ? എന്നാൽപ്പിന്നെ സ്വയം അങ്ങ് ഓപ്പറേഷൻ ചെയ്തേക്കാം എന്നു തീരുമാനിച്ചു രാജാ ബാബു.
ദാ ഇപ്പോ ആശുപത്രിയിൽ വയറിലെ 11 തുന്നലുകളുമായി കൂടിയ വേദനയും തിന്നു കിടക്കുകയാണ്. ഉത്തർപ്രദേശിലെ സുൻരാഖ് ഗ്രാമവാസിയായ രാജാ ബാബുവിന് കുറെ ദിവസങ്ങളായിട്ട് വയറുവേദനയായിരുന്നു. വേദന കുറയാൻ മരുന്നൊക്കെ വാങ്ങി. കുറേ തവണ ഡോക്ടർമാരെക്കണ്ടു. പക്ഷേ, ഒരു കുറവുമില്ല. ഇതിനെന്താണൊരു പ്രതിവിധി എന്ന ചിന്തകൾക്കൊടുവിലാണ് യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്യാം എന്നു തീരുമാനിച്ചത്. പതിനെട്ടു വര്‍ഷം മുമ്പ് രാജാ ബാബുവിന് അപ്പെന്‍ഡിക്സിന്റെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു.
വയറിൽ ശസ്ത്രക്രിയ ചെയ്യുന്നതെങ്ങനെയെന്നും അതിനെന്തൊക്കെ ആവശ്യമാണെന്നും യൂട്യൂബിൽ തിരഞ്ഞു. പിന്നെ നേരെ മെഡിക്കൽ സ്റ്റോറിലേക്കു വിട്ടു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സർജിക്കൽ ബ്ലേഡും സൂചിയും നൂലും തുടങ്ങിയ ഉപകരണങ്ങൾ വാങ്ങി. ഒപ്പം ശസ്ത്രക്രിയക്കു മുന്‍പ് അനസ്തീഷ്യയ്ക്കുള്ള മരുന്നുകളുമുണ്ടായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഓപ്പറേഷൻ നടത്തിയത്. ആദ്യം മരവിപ്പിനുള്ള ഇൻജെക്ഷൻ എടുത്തു. പിന്നെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് വയറ് കീറിയ അദ്ദേഹം പിന്നീട് അത് തുന്നിക്കൂട്ടി. അനസ്തേഷ്യ ഇൻജെക്ഷൻ എടുത്തിരുന്നതിനാൽ വേദന അറിഞ്ഞതേയില്ല. അനസ്തേഷ്യയുടെ വീര്യം കുറഞ്ഞതോടെ രാജാ ബാബുവിന് വേദന സഹിക്കാന്‍ കഴിയാതെയായി. അത് വലിയ കരച്ചിലായതോടെയാണ് വീട്ടുകാർ കാര്യം അറിഞ്ഞത്.
അദ്ദേഹത്തെ ജില്ലാ ജോയിന്റെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പക്ഷേ, സ്ഥിതി അൽപ്പം ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം ആഗ്ര എസ്എന്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ റഫർ ചെയ്തു. വയറു വേദനയ്ക്ക് നിരവധി ഡോക്ടർമാരെ രാജാ ബാബു കണ്ടെങ്കിലും രോഗം എന്താണെന്നു കണ്ടെത്താത്തതിന്റെ വിഷമിത്തിലായിരുന്നു അദ്ദേഹമെന്നാണ് ബന്ധുക്കൾ പറയുന്നത്.