എന്റമ്മേ ഇതെന്താ ഇങ്ങനെ; ടേക്ഓഫിനു ശേഷം ആടിയുലഞ്ഞ് വിമാനം
Thursday, March 20, 2025 12:40 PM IST
വിമാനത്തിൽ കയറുന്പോൾ പേടി തോന്നുന്നതൊക്കെ സ്വാഭാവികമല്ലേ. പക്ഷേ, വിമാനം ടേക്ക്ഓഫ് ചെയ്തയുടനെ ആകെ ഒന്നു ആടിയുലഞ്ഞാലോ ഒന്നു ഞെട്ടുമല്ലേ. ഡൽഹിയിൽ നിന്നും ലക്നൗവിലേക്കു പറന്ന വിമാനത്തിലാണ് ഇത് സംഭവിച്ചത്. വിമാനം പറന്നു പൊങ്ങിയ ഉടനെ സീറ്റുകൾ മുന്നോട്ടും പിന്നോട്ടുമായി ഒന്ന് ആടിയുലഞ്ഞു. യാത്രക്കാരെല്ലാം ആകെ ഒന്നു ഞെട്ടി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇൻഡിഗോ വിമാനമായിരുന്നു. ഒരു സീറ്റു പോലും മര്യാദക്കില്ലാത്ത വിമാനമെന്ന തരത്തിലുള്ള പരാതികൾ ഉയർന്നതോടെ കന്പനി ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദക്ഷിത് സേതി എന്നയാളാണ് ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനം ശക്തമായി ഉലഞ്ഞതോടെ ആകെ അങ്കലാപ്പിലായ യാത്രക്കാർ ക്രൂവിനോട് പരാതി പറഞ്ഞതോടെ പുറകിലെ സീറ്റിലേക്ക് മാറ്റിയിരുത്തി. യാത്ര തുടർന്നപ്പോഴാണ് മുന്‍പ് അനുഭവിച്ചത് എത്ര ഭീകരമായിരുന്നുവെന്നു മനസിലായതെന്നാണ് യാത്രക്കാർ അഭിപ്രായപ്പെട്ടത്. എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ള ആളുകളാണ് അവിടെ ഇരുന്നതെങ്കിൽ അവർക്കെന്തെങ്കിലും സംഭവിച്ചേനെയെന്നും യാത്രക്കാർ പറയുന്നുണ്ട്.
ടേക്ഓഫിന് ശേഷം പറന്നുയർന്ന വിമാനത്തിലെ മൂന്ന് പേരാണ് ഇരുന്ന സീറ്റുകളിൽ നിന്നും പിന്നിലേക്ക് ആയുന്നത്. യാത്രക്കാര്‍ എഴുന്നേറ്റതിന് ശേഷം സീറ്റ് പിന്നിലേക്ക് വലിക്കുമ്പോൾ അതിന്റെ മുന്നിലെ സ്ക്രൂവുകൾ കൃത്യമായി ഘടിപ്പിച്ചിരുന്നില്ലെന്ന് കാണാം. സീറ്റിന്റെ പിന്നിലെ സ്ക്രൂകളുടെ ബലത്തിലാണ് സീറ്റ് നില്‍ക്കുന്നത്.
വീഡിയോ വൈറലായതോടെ വിമാന മെയിന്റനന്‍സ് ടീമിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. പ്രശ്നം തങ്ങളെ അറിയിച്ചതിന് നന്ദിയുണ്ടെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. സീറ്റുകൾക്ക് ലോക്കിംഗ് സംവിധാനം ഉണ്ടെന്നും അതിനാൽ ഇതൊരു അസാധാരണ സംവിധാനമാണെന്നും എയര്‍ലൈന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒപ്പം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ലൈന്‍ ഇതിനു കാരണക്കാരയവർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.