എന്നാലും ഇങ്ങനെയൊക്കെ പറ്റിക്കാമോ? കാൻസറാണെന്നു കള്ളം; കാമുകനിൽ നിന്നും അഞ്ചു വർഷം കൊണ്ട് തട്ടിയെടുത്തത് 28 ലക്ഷം രൂപ
Wednesday, March 19, 2025 10:47 AM IST
ഓരോ ദിവസവും പുറത്തു വരുന്നത് പുതിയ പുതിയ തട്ടിപ്പുകളാണ്. ഇങ്ങനെയൊക്കെ പറ്റിക്കാമോ എന്നു ചില തട്ടിപ്പുകൾ കാണുന്പോൾ പലരും ചോദിച്ചു പോകും. അതുപോലൊന്നാണിതും. ലോറ മക്ഫെർസൺ എന്ന 35 വയസുകാരിക്ക് ആഢംബര ജീവിതം നയിക്കണം. പക്ഷേ, കൈയിൽ കാശില്ല. എന്താണെന്നാലോചിച്ചു. അപ്പോഴാണ് ആ ബുദ്ധി ഉദിച്ചത്. കാമുകനെ നൈസായിട്ടങ്ങ് പറ്റിക്കാം.
അതിനു കണ്ടെത്തിയ വഴിയോ തനിക്ക് കാൻസറാണെന്നും ചികിത്സയ്ക്ക് വലിയ തുക വേണമെന്നും അങ്ങു തട്ടിവിട്ടു. കാമുകിക്ക് കാൻസറെന്നു കേട്ടാൽ ആത്മാർഥമായി പ്രണയിക്കുന്ന ആരും തകർന്നു പോകും. അവളെ രക്ഷിക്കാൻ ഏതു വഴിയും തേടും. അങ്ങനെ കാമുകനായ ജോൺ ലിയോനാർഡും ചികിത്സകൾക്കായി ഏകദേശം 28 ലക്ഷം രൂപയോളം നൽകി.
കാശൊക്കെ വാങ്ങിച്ച് അവൾ നേരെ സൗന്ദര്യവർധക ചികിത്സകൾക്കായി പോയി. സ്തന ശസ്ത്രക്രിയ ചെയ്തു. ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സകൾചെയ്തു. 2017 മുതൽ 2022 ജനുവരിവരെയാണ് ലോറ കാൻസർ ചികിത്സയ്ക്ക് എന്നു പറഞ്ഞ് പണം വാങ്ങിക്കൊണ്ടിരുന്നത്.
ആദ്യം സെർവിക്കൽ കാൻസറാണെന്നാണ് പറഞ്ഞത്. അതിനു റോയൽ ഡെർബി ആശുപത്രിയിൽ കീമോതെറാപ്പിക്ക് വിധേയമാകുകയാണെന്നുമാണ് പറഞ്ഞത്. ലിയോനാർഡ് ആവശ്യത്തിന് പണം നൽകി. അദ്ദേഹത്തിന്റെ സ്ഥാപനം അൾട്രാ ഈവന്റ്സ് വഴി ചാരിറ്റിക്കായി പണം സമാഹരിച്ചാണ് ലോറയ്ക്ക് നൽകിക്കൊണ്ടിരുന്നത്.
അടുത്തത് തനിക്ക് വൻകുടലിൽ കാൻസറാണ് എന്നും സ്തനാർബുദമാണ് എന്നും അതുകൊണ്ട് ഓസ്ട്രിയയിലെ മെയ്ർ ക്ലിനിക്കിലേക്ക് പോകുകയാണെന്നുമാണ് പറഞ്ഞത്. അപ്പോഴും കാമുകൻ പണം നൽകി. പക്ഷേ, ലിയോനാർഡിന് എപ്പഴോ ഒരു സംശയം തോന്നി. അങ്ങനെ നടത്തിയ അന്വേഷണമാണ് കാമുകി ശരീരഭാരം കുറക്കാനുള്ള ചികിത്സയ്ക്കും സ്തനസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയ്ക്കുമാണ് ലോറ ചെയ്യുന്നത് എന്ന് മനസിലാക്കി.
അതോടെ ചികിത്സയ്ക്ക് പണം നൽകുന്നത് ലിയോനാർഡ് അവസാനിപ്പിക്കുകയും 2022 ഇക്കാര്യത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ
മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം തന്നെ നഷ്ടപ്പെട്ടുവെന്നും തന്റെ അഞ്ചു വർഷം ലോറ നശിപ്പിച്ചു എന്നുമാണ് ലിയോനാർഡ് പറഞ്ഞത്.
എന്തായാലും കേസിപ്പോൾ കോടതിയിലാണ് തനിക്ക് വിഷാദമാണ് എന്നാണ് ലോറ കോടതിയിൽ പറഞ്ഞത്. പക്ഷേ, കോടതി ലോറയെ വഞ്ചകിയെന്നും ദുഷ്ടയാണെന്നുമാണ് വിശേഷിപ്പിച്ചത്.