അമ്മേ അമ്മയ്ക്കും സന്തോഷിക്കണ്ടേ, അതുകൊണ്ട് അമ്മ ഇങ്ങനെയൊന്നും ജീവിച്ചാൽ പോരാട്ടോ; ഹൃദയം കവരും ഈ പതിനാറു കാരന്റെ വാക്കുകൾ
Monday, March 17, 2025 4:00 PM IST
അമ്മമാർ എന്നാൽ ഒരു കുടുംബത്തെ സംബന്ധിച്ച് എല്ലാമാണ്. അവർ പ്രത്യേക ഇഷ്ടങ്ങളോ സ്വപ്നങ്ങളോ ഒന്നും പങ്കുവെക്കില്ല. മക്കളുടെയും ഭർത്താവിന്റെയും കാര്യമൊക്കെ നോക്കി അവരുടെ ഇഷ്ടങ്ങൾക്കു പ്രാധാന്യം നൽകി ജീവിക്കുന്പോൾ സ്വന്തം ഇഷ്ടങ്ങളെക്കുറിച്ചോ സ്വപ്നങ്ങളെക്കുറിച്ചോ ആഗ്രഹങ്ങളെക്കുറിച്ചോ ചിന്തിക്കാറു പോലുമില്ല പലരും. ഇങ്ങനെ സ്വന്തം കാര്യങ്ങളൊന്നും നോക്കാതെ നടക്കുന്ന ഒരു അമ്മയെ ഉപദേശിക്കുന്ന മകനാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ചൈനയിൽ നിന്നുള്ളതാണ് വീഡിയോ. വാങ് നൻഹാവോ എന്ന 16 -കാരൻ തന്നെയാണ് അവനും അമ്മയുമായുള്ള ഈ സംസാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നത്, ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലുള്ള വാങ്ങിന്റെ വീട്ടിൽ വെച്ചുള്ളതാണ് ഈ സംഭാഷണം.
അമ്മ ഒരിക്കലും സ്വന്തം കാര്യത്തിനു വേണ്ടി പണം ചെലവഴിക്കാറേയില്ല. എപ്പോഴും ചെലവഴിക്കുന്നത് തനിക്കു വേണ്ടിയാണ്. എന്നാണ് വാങ് പറയുന്നത്. അതുകൊണ്ട് അമ്മ നല്ലൊരു കോട്ടും വിലയേറി ഫേസ് ക്രീമും വാങ്ങണമെന്ന് ആവശ്യപ്പെടുകയാണ് വാങ്. അമ്മ അങ്ങനെയൊന്നും വാങ്ങുന്നില്ലെങ്കിൽ അത് അച്ഛന്റെയോ തന്റെയോ കുഴപ്പമാണ് എന്നാണ് അവൻ പറയുന്നത്.
അമ്മയിൽ നിന്നും വാങ് പഠിച്ച വിലപ്പെട്ട കാര്യമെന്താണെന്നും അവൻ പറയുന്നുണ്ട്. അത് അവർ വീട്ടിലെ തീരാത്ത ജോലികൾ ചെയ്യുന്നതോ, അവർക്ക് വേണ്ടി ത്യാഗങ്ങൾ ചെയ്യുന്നതോ ഒന്നും അല്ല, എവിടെയായിരിക്കുമ്പോഴും സന്തോഷമായിട്ടിരിക്കാനുള്ള അമ്മയുടെ കഴിവാണ് ആ പാഠം എന്നാണ് പറയുന്നത്. അമ്മയ്ക്ക് പിയാനോയോടുള്ള ഇഷ്ടവും അത് പഠിക്കാനായി നടത്തുന്ന പരിശ്രമങ്ങളെക്കുറിത്തും വാങ് സൂചിപ്പിക്കുന്നുണ്ട്.
വാങ് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. അമ്മമാർ അവരുടെ മക്കളുടെയോ ഭർത്താവിന്റെയോ ജീവിതമല്ല ഏറ്റവും വിലപ്പെട്ടതായി കാണേണ്ടത്. അവർക്ക് വേണ്ടിയല്ല ജീവിക്കേണ്ടത്. മക്കളുടെ സന്തോഷമാണ് തന്റെ സന്തോഷത്തേക്കാൾ വലുത് എന്നും കരുതരുത്. ഏറ്റവും വലുത് സ്വന്തം സന്തോഷമാണ്. അത് കണ്ടെത്തണം എന്നും അവൻ വീഡിയോയിൽ പറയുന്നു.