"അമ്മ എന്റെ ഐസ്ക്രീം തിന്നു, വന്ന് അറസ്റ്റ് ചെയ്യൂ' പോലീസിനെ ഫോൺ വിളിച്ച് നാലു വയസുകാരൻ
Friday, March 14, 2025 1:06 PM IST
താൻ കഴിക്കാൻ കരുതിവച്ചിരുന്ന ഐസ്ക്രീം അമ്മ കഴിച്ചതിനെത്തുടർന്നു നാലു വയസുകാരൻ പോലീസിനെ വിളിച്ചു. എമർജൻസി നമ്പറായ 911 ൽ വിളിച്ച കുട്ടി, അമ്മ തന്റെ ഐസ്ക്രീം കഴിച്ചെന്നും അതിനാൽ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയിലെ വിസ്കോൺസിനിലാണു കൗതുകസംഭവം അരങ്ങേറിയത്.
ഫോൺകോൾ അറ്റൻഡ് ചെയ്ത പോലീസുകാരനോടു കുട്ടി ആദ്യം പറഞ്ഞത് "എന്റെ മമ്മി മോശമാണ്' എന്നായിരുന്നു. എന്താണ് സംഭവിച്ചതെന്നു പറയാൻ ആവശ്യപ്പെട്ടപ്പോൾ "വന്ന് എന്റെ മമ്മിയെ കൂട്ടിക്കൊണ്ടുപോകൂ'എന്നായിരുന്നു മറുപടി.
ഇതിനിടെ കുട്ടിയുടെ ഫോൺ സംഭാഷണം ശ്രദ്ധിച്ച അമ്മ ഫോൺ വാങ്ങി പോലീസുകാരനോടു കാര്യം വിശദീകരിച്ചു. അവന്റെ ഐസ്ക്രീം ഞാൻ കഴിച്ചിരുന്നുവെന്നും അതുകൊണ്ടായിരിക്കാം അവൻ പോലീസിനെ വിളിച്ചതെന്നും അമ്മ പറഞ്ഞു.
കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് നേരിട്ടു വീട്ടിലെത്തി. ഐസ്ക്രീം തിന്നതിന് അമ്മയെ അറസ്റ്റ് ചെയ്യട്ടെ എന്നു ചോദിച്ചപ്പോൾ "വേണ്ട, എന്റെ അമ്മയെ കൊണ്ടുപോകണ്ട' എന്നു പറഞ്ഞ് കുട്ടി നിലപാട് മാറ്റി. കുട്ടിയെ ആശ്വസിപ്പിച്ചു മടങ്ങിയ പോലീസ് തൊട്ടടുത്ത ദിവസം സമ്മാനമായി അവന് ഒരു ഐസ്ക്രീം എത്തിച്ചുകൊടുത്തെന്നും റിപ്പോർട്ടുകളിൽ പറയുന്നു.