ആന്ധ്രയിലെ വനത്തിൽ ഇരുന്പുയുഗ ശിലാചിത്രങ്ങളും ലിഖിതങ്ങളും കണ്ടെത്തി
Tuesday, March 11, 2025 11:59 AM IST
ആന്ധ്രാപ്രദേശ് കടപ്പയിലെ ലങ്കാമല റിസർവ് വനത്തിൽനിന്ന് 800 മുതൽ 2,000 വർഷം വരെ പഴക്കമുള്ള പുരാതനലിഖിതങ്ങൾ കണ്ടെത്തി. സമീപകാലത്തെ ഏറ്റവും വലിയ പുരാവസ്തു കണ്ടെത്തലാണിത്. ഇരുന്പുയുഗ (1200-550 ബിസി) കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ശിലാചിത്രങ്ങളും മൂന്നു ശിലാഗുഹകളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
ശിലാഗുഹകളിൽ ഒന്നിൽ മൃഗങ്ങൾ, ജ്യാമിതീയ പാറ്റേണുകൾ, മനുഷ്യരൂപങ്ങൾ തുടങ്ങിയവയുടെ അതിശയകരമായ ചിത്രങ്ങൾ ഉണ്ടെന്നു ഗവേഷകർ പറഞ്ഞു. ആദ്യകാല ചരിത്ര കാലഘട്ടത്തിലെ (ബിസി 2500 -എഡി രണ്ട്) ചിത്രങ്ങളാണിത്. ചുവന്ന മണ്ണ്, ചീനക്കളിമണ്ണ്, മൃഗക്കൊഴുപ്പ്, പൊടിച്ച അസ്ഥികൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ചിത്രമെഴുതിയിട്ടുള്ളത്.
വടക്കേ ഇന്ത്യയിൽനിന്നുള്ള ഭക്തർ പതിവായി സന്ദർശിച്ചിരുന്ന പ്രധാന ശൈവ തീർഥാടന കേന്ദ്രങ്ങളിലൊന്നാണു ലങ്കാമല. ശ്രീശൈലത്തിനു തെക്കുഭാഗത്തുള്ള നിത്യപൂജകോണ, അക്കാദേവതല കൊണ്ട, ബണ്ടിഗാനി ചെല്ല എന്നിവിടങ്ങളിലെ ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഫെബ്രുവരി 27നും ഈമാസം ഒന്നിനുമിടയിലായിരുന്നു സർവേ.
റിസർവ് വനത്തിലെ മുപ്പതോളം ലിഖിതങ്ങൾ പരിശോധിച്ചു. ലിഖിതങ്ങളിൽ ബ്രാഹ്മി, ഷെൽ, നാഗരി (സംസ്കൃതം), തെലുങ്ക് ലിപികൾ ഉൾപ്പെട്ടിരുന്നുവെന്നു സർവേയുടെ തലവനായ കെ. മുനിരത്നം പറഞ്ഞു. കണ്ടെത്തലുകൾ പ്രദേശത്തിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവയിലേക്കു വെളിച്ചം വീശുന്നവയാണെന്നും പുരാവസ്തു ഗവേഷകർ പറഞ്ഞു.