ഇന്ത്യയോ! അങ്ങനെയൊരു രാജ്യമുണ്ടോ? ഈ കൊറിയക്കാരൻ ഡ്രൈവർക്ക് വിശ്വസിക്കാനേ പറ്റുന്നില്ല
Wednesday, March 5, 2025 11:36 AM IST
ഇന്ത്യ എന്നൊരു രാജ്യമുണ്ടോ എന്ന് നമ്മളോടാരെങ്കിലും ചോദിച്ചാൽ എങ്ങനെയിരിക്കും. എന്നാൽ, അങ്ങനെ ചോദിക്കുന്നവരുമുണ്ട്. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു വീഡിയോയിൽ ദക്ഷിണ കൊറിയക്കാരനായ ഒരു ഡ്രൈവറാണ് ഇന്ത്യ എന്നൊരു രാജ്യമുണ്ടോ? അവിടുത്തെ ജനസംഖ്യ എത്രയാണ് എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്.
ദക്ഷിണ കൊറിയയിലെ സിയോളിൽ താമസിക്കുന്ന പീയുഷ പാട്ടീലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പീയുഷ ഇന്ത്യക്കാരിയാണെന്നും ഇന്ത്യയിൽനിന്നാണ് വരുന്നതെന്നു പറഞ്ഞിട്ടും വിശ്വസിക്കാനാകാത്ത ഡ്രൈവർ ഓരോ ചേദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും പീയൂഷ പറയുന്നു.
ഇതിനു മുന്പും തനിക്ക് ഈ രീതിയിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണ വീഡിയോ എടുത്ത് മറ്റുള്ളവരുമായിപങ്കുവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
വീഡിയോയുടെ തുടക്കത്തിൽ തന്നെ ഡ്രൈവർ പീയുഷയോട് ചോദിക്കുന്നുണ്ട് നിങ്ങൾ എവിടെ നിന്നുമാണ് വരുന്നതെന്ന്? അതിനു മറുപടിയായി പീയുഷ ഇന്ത്യ എന്നു പറയുന്പോൾ, ഇന്ത്യയോ അതോ ഇന്തോനേഷ്യയോ എന്നു ചോദിക്കുകയാണ് ഡ്രൈവർ. പാക്കിസ്ഥാനും ചൈനയ്ക്കും ഇടയിലാണ് ഇന്ത്യയെന്നു കൂടി വിശദമായി പീയുഷ പറയുന്നുണ്ട്.
ഇന്തോനേഷ്യയല്ല ഇന്ത്യ തന്നെ എന്നു പീയുഷ പറയുന്പോഴും അയാൾക്ക് സംശയം മാറിയിട്ടില്ല. അവിടുത്തെ ജനസംഖ്യ എത്രയാണെന്നാണ് അയാൾക്ക് അറിയേണ്ടത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണെന്നും ചൈനയിലേക്കാൾ ജനസംഖ്യ ഇന്ത്യയിലാണെന്നു പറഞ്ഞിട്ടും അയാൾക്ക് വിശ്വാസമാകുന്നില്ല. ഒടുവിൽ മനസില്ലാ മനസോടെ ഓ എന്നാൽ അത് ഇന്ത്യയായിരിക്കും എന്നു സമ്മതിക്കുകയാണയാൾ.